ന്യൂഡല്‍ഹി: യോഗി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതക്ക് ഇരയായി, നിരന്തര പോരാട്ടത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ ഡല്‍ഹിയലെ ഓഫീസില്‍ സന്ദര്‍ശിച്ചു. തന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും പാര്‍ലമെന്റില്‍ അടക്കം ഉന്നയിക്കുകയും ചെയ്ത മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ലെന്നും തന്റെ മോചനത്തിനായി മുസ്ലിം ലീഗിന്റെ നാല് എം.പിമാര്‍ രാഷ്ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോള്‍ വികാരാധീനനായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജയില്‍ മോചനത്തിന് ആത്മാര്‍ത്ഥമായി കൂടെ നിന്ന മുസ്ലീം ലീഗിന് നന്ദി അറിയിക്കുന്നതായും തിരിച്ചു തരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രമേയുള്ളൂവെന്നും കഫീല്‍ ഖാന് ഇ.ടി മുഹമ്മദ് ബഷീറിനോട് പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്, സയ്യിദ് ഹൈദരലി തങ്ങള്‍ എന്നിവര്‍ക്കുള്ള സനേഹ സന്ദേശവും ഡോക്ടര്‍ കഫീല്‍ ഖാന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ ഏല്‍പ്പിച്ചു.
നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും കഫീല്‍ ഖാന് സന്ദര്‍ശിച്ച് നന്ദി അറിയിച്ചിരുന്നു. ഡോക്ടര്‍ കഫീല്‍ ഖാനും കുടുംബവും രാജസ്ഥാനിലേക്ക് താമസം മാറിയിരുന്നു. പ്രിയങ്ക ഗാന്ധിയാണ് ഇവര്‍ക്ക് രാജസ്ഥാനില്‍ സുരക്ഷിതമായൊരു താമസ സ്ഥലം ഒരുക്കി നല്‍കിയിരുന്നത്.