കർണാടക ഉഡുപ്പി ഹിരിയടുക്കയിൽ ക്ഷേത്ര പരിസരത്ത് കാർ ആക്രമിച്ച് ഗുണ്ടാ തലവനെ വെട്ടിക്കൊന്നു, മരിച്ചത് കിഷൻ ഹെഗ്ഡെ
ഉഡുപ്പി: ഹിരിയാഡ്കയില്‍ ഗുണ്ടാതലവന്‍ കിഷന് ഹെഗ്ഡെയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേണം ഊര്‍ജിതമാക്കി. കിഷന്റെ കൂടെയുണ്ടായിരുന്ന ദിവ്യരാജ് ഷെട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. കൊലയാളികള്‍ സഞ്ചരിച്ച കാറുകളിലൊന്ന് പൊലീസ് പിടികൂടി. വെളുത്ത റിട്സ് കാറാണ് കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കവും അതുമൂലമുള്ള ശത്രുതയും മൂലമാണ് കിഷന് ഹെഗ്ഡെയെ മനോജ് കൊടിക്കേരെയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
കിഷന് ഹെഗ്ഡെ കാറില്‍ ഹരിപ്രസാദ് ഷെട്ടിക്കൊപ്പം ഉഡുപ്പിയിലെത്തിയിരുന്നു. അഭിഭാഷകനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വീരഭദ്ര ക്ഷേത്രത്തിലേക്ക് പോകാനായി ഉഡുപ്പിയില്‍ നിന്ന് ഹിരിയഡ്കയിലേക്ക് കാര്‍ ഓടിക്കുകയായിരുന്നു കിഷന്. കിഷന്റെ മുന്‍ ഇടത് സീറ്റില്‍ സുഹൃത്ത് ഹരിപ്രസാദ് ഇരിക്കുകയായിരുന്നു. ദിവ്യരാജ് ഷെട്ടി പിന്‍സീറ്റില്‍ ഇരുന്നു.കിരണ്‍ ഹെഗ്ഡെ വീരഭദ്ര ക്ഷേത്രത്തിന്റെ വടക്കേ കവാടത്തിന്റെ വലതുവശത്ത് കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ഹരിപ്രസാദ് ഷെട്ടി വാതില്‍ തുറന്ന് കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെ രണ്ട് കാറുകള്‍ അവിടെയെത്തി. തുടര്‍ന്ന് സംഘം വാളും ചുറ്റികയും ഉപയോഗിച്ച് അക്രമണം നടത്തുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ കിഷന് ഹെഗ്ഡെ തത്ക്ഷണം മരിച്ചു. ഹരിപ്രസാദ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. കിഷന്റെ കാര്‍ തകര്‍ത്ത ശേഷമാണ് ഘാതകസംഘം തിരിച്ചുപോയത്.
വെളുത്ത റിട്സ് കാറിലും ഇളം മഞ്ഞ ഇന്നോവ കാറിലുമാണ് അക്രമികള്‍ രക്ഷപ്പെട്ടത്.