ഉപ്പളയില്‍ മുസ്ലീം ലീഗ് നേതാവിനെ വെട്ടിവീഴ്ത്തിയ സംഘത്തിലെ 2 പേര് വലയില്‍; പിടികൂടിയത് കാസര്‍കോട് ഡിവൈ എസ് പിയുടെ സ്ക്വാഡ്: സംഭവം എട്ടുമാസം മുമ്പ്
ഉപ്പള: ജിമ്മില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന മുസ്ലിം ലീഗ് നേതാവിന്റെ സ്കൂട്ടര്‍ തടഞ്ഞിട്ടു വെട്ടിവീഴ്ത്തിയ സംഘത്തിലെ 2 പേര് പോലീസ് വലയില്‍. കാസര്‍കോട് ഡിവൈഎസ്പി, ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇന്നലെ മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് ഇവരെ പിടികൂടിയത്. 2019 ഡിസംബര്‍ 3 നു രാത്രി 11 മണിയോടെയുണ്ടായ ആക്രമത്തില്‍ മുസ്ലിം ലീഗ് മംഗല്‍പ്പാടി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മുസ്തഫയ്ക്കാണ് വെട്ടേറ്റത്. മുസ്തഫയുടെ സ്കൂട്ടറിന് കാര്‍ കുറുകെയിട്ട് ഹെല്‍മറ്റ് ധരിച്ച 2 പേര് കാറില്‍ നിന്നിറങ്ങി വെട്ടി വീഴ്ത്തുകയാvയിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മുസ്തഫ ഹെല്‍ത്ത് കെയര്‍ ആശുപത്രിക്കു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൊട്ടടുത്ത ദിവസം തന്നെ 2 തവണ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. 39 വെട്ടാണ് ശരീരത്തിലുണ്ടായിരുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ ഗുണ്ടകളും ക്രിമിനലുകളും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു ജില്ലാ പോലീസ് മേധാവി ഡി.ശില്പയാണ് കഴിഞ്ഞ ദിവസം കാസര്‍കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു റെയ്ഡുകള്‍ കര്‍ശനമാക്കിയത്.