ഐ എസിന് വേണ്ടി യുദ്ധം: സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി തിങ്കളാഴ്ച
കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി . കൊച്ചിയിലെ എന്‍ ഐ എ കോടതി ആണ് കേസ് പരിഗണിച്ചത്. ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്ക് എതിരെ യുദ്ധം ചെയ്യുക ,ഗൂഢാലോചന നടത്തുക ,തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക ,അതിനു സഹായം ചെയ്യുക അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ശിക്ഷ തിങ്കളാഴ്ച വിധിക്കും
ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം കേസില്‍ ഒരാള്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തുന്നത്.
തീവ്രവാദി അല്ലെന്നും സമാധാനത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി കോടതിയില്‍ പറഞ്ഞു, അക്രമത്തിനു ഒരിക്കലും സമാധാനം ഉറപ്പാക്കാന്‍ ആകില്ല . ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങള്‍ക്ക് എതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നായിരുന്നു സുബ്ഹാനിയുടെ വാദം.
അതേസമയം മുപ്പതാമത്തെ വയസ്സിലാണ് തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നത്. 2014 ല്‍ ഐഎസിനൊപ്പം ചേര്‍ന്നു. ഒരു ഘട്ടത്തിലും അതില്‍ മനംമാറ്റം ഉണ്ടായിട്ടില്ല. അതുകൊണ്ട് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടത്.
തിരുനെല്‍വേലി താമസം ആക്കിയ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീന് 2015 ഫെബ്രുവരി ആണ് ഐ എസ് ഇല് ചേര്‍ന്ന് ഇറാഖില്‍ പോയത് . 2015 സെപ്റ്റംബര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇറാഖ്, സിറിയ അടക്കം രാജ്യങ്ങളില്‍ പോയി ആയുധ പരിശീലനം നേടി യുദ്ധം ചെയ്തു . കനകമല ഗൂഢാലോചന യില്‍ പങ്കാളി ആണെങ്കിലും സുബ്ഹാനി കേസ് പ്രത്യേക വിചാരണ നടത്തുകയായിരുന്നു