പുതിയ കാര്‍ഷിക നയം കര്‍ഷകരെ അടിമകളാക്കുന്നത്, ഭാരത് ബന്ദിനൊപ്പം’; കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: കേന്ദ്രം പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പുതിയ കാര്‍ഷിക നയം രാജ്യത്തെ കര്‍ഷകരെ അടിമകളാക്കുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
‘തെറ്റായ ജി.എസ്.ടി നയം രാജ്യത്തെ മൈക്രോ- ചെറുകിട-ഇടത്തരം മേഖലയെ മൊത്തമായി തകര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരെ അടിമകളാക്കുകയും ചെയ്യും,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
ഞാന്‍ ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നു എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ഭാരത് ബന്ദിന് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചിരുന്നു.
കര്‍ഷകര്‍ക്കൊപ്പമെന്ന് സി.പി.ഐ നേതാവ് കനയ്യ കുമാറും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. നിങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമോ അതോ കള്ളം പറയുന്നവര്‍ക്കൊപ്പമോ എന്ന് ഇപ്പോള്‍ തീരുമാനിക്കണമെന്നായിരുന്നു കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തിരുന്നത്.
പുതിയ തൊഴില്‍ നയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.
300 വരെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി കൂടാതെ ജോലിക്കാരെ പിരിച്ചുവിടാനാകുമെന്നതാണ് പുതിയ തൊഴില്‍ നയം. പാവപ്പെട്ടവരെ ഇല്ലാതാക്കാനും മിത്രങ്ങളെ വളര്‍ത്താനുമാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം രാജ്യത്ത് കര്‍ഷകരുടെ പ്രതിഷേധവ സമരം നടന്ന് കൊണ്ടിരിക്കുകയാണ്. പിന്തുണയുമായി വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്.
കോണ്‍ഗ്രസിന് പുറമെ പ്രതിഷേധ സമരത്തിന് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സി.പി.ഐ.എം തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്.എസ്) തുടങ്ങിയവരും കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ബീഹാറില്‍ പോത്തുകള്‍ക്ക് മുകളില്‍ കയറിയിരുന്നുകൊണ്ടാണ് ആര്.ജെ.ഡിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ആര്.ജെ.ഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ട്രാക്ടര്‍ ഓടിച്ച് പ്രതിഷേധത്തില്‍ പങ്കാളിയായി.
പഞ്ചാബില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ കര്‍ഷകര്‍ പന്തല്‍ കെട്ടിയിട്ടുണ്ട്. ട്രാക്കിലിരുന്നാണ് കര്‍ഷകരുടെ പ്രതിഷേധം. പഞ്ചാബില്‍ വ്യാഴാഴ്ച തന്നെ കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍ പാത ഉപരോധം ആരംഭിച്ചിട്ടുണ്ട്.
ദല്‍ഹിയിലെ ജന്ധര് മന്ദറിലും കര്‍ണാടകയിലെ ബൊമ്മന ഹള്ളിയിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും വ്യാപകമായി കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.
ഉത്തര്‍ പ്രദേശിലെ അയോധ്യയിലും കര്‍ഷകര്‍ പ്രതിഷേധത്തിന് തുടക്കമിട്ടു. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 31 വരെ ദേശീയ തലത്തില്‍ നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്ന് യു.പിയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അജയ്കുമാര്‍ ലല്ലു പറഞ്ഞു.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവയാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്ന മൂന്ന് ബില്ലുകള്‍. ബില്ലുകള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ ദിവസങ്ങളായി കര്‍ഷക പ്രക്ഷോഭം തുടരുകയാണ്.