പെരിയ ഇരട്ടക്കൊലക്കേസ് സംസ്ഥാന സർക്കാരിന് തിരിച്ചടി, സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല.
ന്യൂഡൽഹി :പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, അതിനു ശേഷം ഈ കേസ് വിശദമായി പരിഷശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
സിബിഐ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ എന്നിവർക്കാണ് സുപ്രീംകോടതി നോട്ടീസയച്ചത്. നാലാഴ്ചക്കകം മറുപടി നൽകണം. ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്റേതാണ് നടപടി. കേസിൽ സിബിഐ അന്വേഷണത്തിന് ഓഗസ്റ്റിലാണ് ഹൈക്കോടതി വിധി വന്നത്.
കേസിൽ സിബിഐക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കട്ടെ എന്നാണ് ഇന്ന് സുപ്രീംകോടതി പറഞ്ഞത്. അതിനു ശേഷം ഇക്കാര്യത്തിൽ എന്തു നടപടി വേണമെന്ന് ആലോചിക്കാം എന്നും കോടതി അഭിപ്രായപ്പെട്ടു. അടിയന്തരമായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം.
സുപ്രീം കോടതി നിലപാട് ആശ്വാസം നൽകുന്നുവെന്ന് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പ്രതികരിച്ചു. തങ്ങളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചുവെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.