സ്ത്രീക്ക് ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാം,
വ്യഭിചാരം നിയമത്തിന്റെ കണ്ണിൽ കുറ്റമല്ല, ലൈംഗിക തൊഴിലാളികളെ വെറുതെ വിട്ട മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ..
മുംബൈ: അനാശാസ്യത്തിനിടെ പിടികൂടിയ ലൈംഗിക തൊഴിലാളികായ മൂന്ന് സ്്ത്രീകളെ വെറുതെ വിട്ടുകൊണ്ട് ബോംബെ ഹൈക്കോടതി നടത്തിയ പരാമര്‍ശം പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. വ്യഭിചാരം നിയമത്തിന്റെ കണ്ണില്‍ കുറ്റമല്ലെന്നും പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് അവള്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും അവരുടെ അനുമതി കൂടാതെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് കോടതിയുടെ പരാമര്‍ശം.
വ്യഭിചാരം തടയുന്നതിനുള്ള 1956ലെ നിയമം വേശ്യവൃത്തി തുടച്ചുനീക്കാനുദ്ദേശിച്ചുള്ളതല്ല. വേശ്യവൃത്തിയില്‍ ഏര്‍പ്പെട്ടു എന്നതിന്റെ പേരില്‍ ഈ നിയമപ്രകാരം ഒരാളെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് പൃഥ്വിരാജ് ചവന് ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളില്‍ വാണിജ്യപരമായ ലക്ഷ്യത്തോടെ ഒരാളെ വേശ്യവൃത്തിക്ക് പ്രേരിപ്പിച്ച് ദുരുപയോഗിക്കുന്നതോ ചൂഷണം ചെയ്യുന്നതോ ആണ് ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 20 ,22, 23 വയസ്സ് പ്രായമുള്ള യുവതികളെ വിട്ടയച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
മലാഡ് ചിന്ചോളി ബിന്ദറില് ഒരു വനിതാ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയെന്ന് കാണിച്ചാണ് 2019 സെപ്തംബറില്‍ യുവതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇടപാടുകാരെന്ന വ്യാജേനയാണ് പോലീസ് ഇവരെ പിടികൂടിയത്. പിന്നീട് ഉത്തര്‍പ്രദേശിലെ ഒരു വനിതാ ഹോസ്റ്റലിലേക്ക് ഇവരെ മാറ്റാനും നിര്‍ദേശിച്ചു. യുവതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ അമ്മമാര്‍ കോടതിയെ സമീപിച്ചുവെങ്കിലും അപേക്ഷ അംഗീകരിച്ചിരുന്നില്ല.
കോടതി നിയോഗിച്ച ഉദ്യോഗസ്ഥന് നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍, യുവതികള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളാണെന്നും വേശ്യവൃത്തി അവരുടെ സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ചടങ്ങാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ യുവതികള്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലൂം മജിസ്ട്രേറ്റ് കോടതിയുടെ നടപടി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്.
യുവതികള്‍ പ്രായപൂര്‍ത്തിയായവരാണെന്നും ഭരണഘടന അനുവദിക്കുന്നത് പ്രകാരം രാജ്യത്ത് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും സ്വതന്ത്ര്യമായി സഞ്ചരിക്കാനും ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.