കർണാടകയിൽ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി കന്നഡികര്‍ക്ക്; ഉത്തരവ് ഉട നുണ്ടാകും, യെദ്യൂ രപ്പയുടെ നീക്കം പ്രാദേശിക വാദം ആളിക്കത്തിക്കൽ മലയാളികൾ ആശങ്കയിൽ
ബാംഗ്ലൂരു : കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍. സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളില്‍(വൈദഗ്ധ്യമാവശ്യമില്ലാത്തവ) കന്നഡിഗര്‍ക്കുമാത്രം ജോലി നല്‍കാനും എ, ബി വിഭാഗങ്ങളില്‍(വൈദഗ്ധ്യമാവശ്യമുള്ളവ) നിയമനത്തിന് കന്നഡിഗര്‍ക്ക് മുന്‍ഗണന നല്കുന്നതിനുമുള്ള ഉത്തരവിറക്കുമെന്ന് നിയമ, പാര്‍ലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്വകാര്യകമ്പനികള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മെക്കാനിക്ക്, ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, പ്യൂണ്‍ തുടങ്ങിയവരാണ് സി, ഡി വിഭാഗങ്ങളില്‍ വരുന്നത്. എ, ബി വിഭാഗങ്ങളില്‍ മാനേജ്മെന്റ്തലത്തിലുള്ള ജീവനക്കാരാണുണ്ടാവുക. കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ 1961-ലെ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് നിയമത്തില്‍ മാറ്റംവരുത്തി സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് മുന്‍ഗണന നല്‍കുന്നവിധമാക്കിയിരുന്നു.
സ്വകാര്യമേഖലയില്‍ കന്നഡിഗര്‍ക്ക് സംവരണംവേണമെന്ന് കന്നഡ വികസന അതോറിറ്റി വര്‍ഷങ്ങള്‍ക്കുമുമ്പേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍, ഐ.ടി. കമ്പനികളുള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങളുടെ എതിര്‍പ്പുമൂലം ഇത് നിയമമാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ കന്നഡികര്‍ക്കു മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണ്. ഉത്തരവ് നടപ്പായാല്‍ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധിപേരെ ബാധിക്കും.