ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും ; ഗവര്‍ണറുടെ അനുമതിക്കായി വിജിലന്‍സ്; കുറ്റപത്രം ഉടനകരുതലോടെ ലീഗും യു ഡി എഫും
കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കുറ്റപത്രം തയ്യാറാക്കാനുള്ള നടപടി വിജിലന്‍സ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രതികളായ വി കെ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് അടുത്തദിവസം സര്‍ക്കാരിന് കത്ത് നല്‍കും.
നിയമസഭാംഗമായതിനാല്‍ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണം. കേസില്‍ പ്രതിചേര്‍ക്കാന്‍ ഗവര്‍ണര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. കേസില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം 17 പ്രതികളാണുള്ളത്. പ്രോസിക്യൂഷന് അനുമതി ആവശ്യപ്പെട്ട് രണ്ടാഴ്ചയ്ക്കകം ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷ് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലത്തില്‍ വിള്ളല്‍ കണ്ടതോടെയാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. അഞ്ചാം പ്രതിയായ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ക്രമക്കേട് നടത്തിയതിന് വിജിലന്‍സിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്, കരാര്‍ കമ്പനി ആര്‍ഡിഎസ് പ്രോജക്ട് എംഡി സുമിത് ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് കേരള (ആര്‍ബിഡിസികെ) അസി. ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന് എന്നിവരും പ്രതികളാണ്.
പൊതുമരാമത്ത്, കിറ്റ്കോ, ആര്‍ബിഡിസികെ തുടങ്ങിയവയുടെ തലപ്പത്തുണ്ടായിരുന്ന ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്ത് വരും. രൂപകല്‍പ്പന നടത്തിയ ബംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥരും കേസില്‍ പ്രതിയാണ്.
5 കോടി മുന്‍കൂര്‍ നല്കി
മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത് മൂന്നുതവണ. ചട്ടവിരുദ്ധമായി കരാര്‍ കമ്പനിക്ക് 8.5 കോടിരൂപ മുന്‍കൂര്‍ പണം നല്‍കിയതായും പലിശയിലും തിരിച്ചടവിലും ഇളവ് നല്‍കിയതായും കണ്ടെത്തി. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്ന് ടി ഒ സൂരജും മൊഴി നല്കി.