ഇനി പാലം വലിനടക്കില്ല,പാലാരിവട്ടം പുനര്‍ നിര്‍മ്മാണം
10 ദിവസത്തിനകം, ഞാനുണ്ട് മുമ്പില്‍,
പ്രഖ്യാപനവുമായി മെട്രോ മാന്‍ ഇ ശ്രീധരന്
കൊച്ചി :നിര്‍മാണ പിഴവുമൂലം തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലം പൊളിക്കല്‍ പത്തുദിവസത്തിനകം ആരംഭിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് പറഞ്ഞു. ഇരുവശത്തെയും ഗതാഗതം സുഗമമായി തുടരാന്‍ കഴിയുംവിധം ബാരിക്കേഡുകള്‍ സ്ഥാപിച്ച ശേഷമായിരിക്കും പൊളിക്കല്‍. പുതിയ പാലം നിര്‍മിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡിഎംആര്‍സി ഒരുവര്‍ഷംമുമ്പേ പൂര്‍ത്തിയാക്കിയതാണ്. നിര്‍മാണം തുടങ്ങി 8-9 മാസത്തിനുള്ളില്‍ പുതിയ പാലം ഗതാഗതത്തിന് തുറക്കാനാകുമെന്നും ഇ ശ്രീധരന് പറഞ്ഞു.
പാലത്തിലെ 102 ഗര്‍ഡറുകളും മാറ്റി പുതിയവ സ്ഥാപിക്കണം. പഴയത് മുറിച്ചുനീക്കും. പുതിയ ഗര്‍ഡറുകള്‍ കളമശേരിയില്‍ എച്ച്എംടിയുടെ സ്ഥലത്തെ മെട്രോ നിര്‍മാണ യാര്‍ഡിലാണ് വാര്‍ക്കുന്നത്. 17 സ്പാനുകളും നീക്കണം. തൂണുകളും മുകള്‍ഭാഗവും ബലപ്പെടുത്തണം. മുഴുവന്‍ ലോഹ ബെയറിങ്ങുകളും മാറ്റി പുതിയത് സ്ഥാപിക്കണം. പൊളിക്കലും പുതിയപാലത്തിന്റെ നിര്‍മാണവും ഊരാളുങ്കല്‍ സൊസൈറ്റി ചെയ്യും.
അവര്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഡിഎംആര്‍സി നിര്‍മാണ ചുമതല ഏറ്റെടുക്കില്ല എന്ന് തീരുമാനിച്ചതിനാലാണ് അവരും ആ തീരുമാനമെടുത്തത്. ഡിഎംആര്‍സിയുടെ ജോലിയായതിനാല്‍ വളരെ കുറഞ്ഞ തുകയ്ക്കാണ് കരാര്‍ വച്ചതെന്നും ഡിഎംആര്‍സി ഇല്ലെങ്കില്‍ ചെയ്യാനാകില്ലെന്നുമായിരുന്നു അവരുടെ തീരുമാനം. ഡിഎംആര്‍സി തുടരുമ്പോള്‍ നിര്‍മാണം ഏറ്റെടുക്കാന്‍ തടസ്സമില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്മാന് കഴിഞ്ഞ ദിവസം അറിയിച്ചു.
നിര്‍മാണത്തുക നേരത്തെ കണക്കാക്കിയതിലും അല്‍പ്പം കൂടിയേക്കും. 20-21 കോടിയോളമാകുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ 18.71 കോടിയാണ് പ്രതീക്ഷിച്ചത്. ഒരുവര്‍ഷംകൊണ്ട് സാധനവിലകളിലുണ്ടായ വ്യത്യാസമാണ് കാരണം. പുതിയ എസ്റ്റിമേറ്റുപ്രകാരമുള്ള തുക കരാറുകാര്‍ക്ക് നല്‍കേണ്ടിവരും. അത് ന്യായമായ ആവശ്യമാണ്. തൊഴിലാളികളെ ലഭിക്കാന്‍ പ്രയാസം ഉണ്ടായേക്കാം. അക്കാര്യത്തില്‍ മാത്രമാണ് അല്‍പ്പം ആശങ്ക. പുതിയ പാലത്തിന്റെ പ്ലാനും ഡിസൈനും ടെന്‍ഡര്‍ നടപടികളുമെല്ലാം നേരത്തെ പൂര്‍ത്തിയാക്കിയതിനാല്‍ അതിനുണ്ടാകുമായിരുന്ന മൂന്നോ നാലോ മാസത്തെ കാലതാമസം ഒഴിവാകുമെന്നും ഇ ശ്രീധരന് പറഞ്ഞു.