എം എൽ എ യുടെ സ്വർണ്ണതട്ടിപ്പിൽ ഇരകൾ കബളിപ്പിക്കപ്പെടുന്നു തെളിവെടുപ്പ് അനന്തമായി നീളും, പുലിവാലുപിടിച്ച്
മുസ്ലീം ലീഗ്.
കാസർകോട് :എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജ്വല്ലറിത്തട്ടിപ്പിന്റെ സ്ഥിതിവിവരങ്ങൾ ശേഖരിക്കൽ അനന്തമായി നീളും. ജ്വല്ലറിത്തട്ടിപ്പിന്റെ വ്യാപ്തി അറിയാനാണ് മുസ്ലിംലീഗ് നേതൃത്വം മധ്യസ്ഥനായി ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയെ നിയോഗിച്ചിരിക്കുന്നത്. തൃക്കരിപ്പൂരിലെ കോളേജ് തട്ടിപ്പടക്കം പുറത്തുവന്നതോടെ വ്യാപ്തി വിപുലപ്പെടുകയാണ്. ഫാഷൻ ഗോൾഡിൽ 150 കോടിയും കോളേജ് തട്ടിപ്പിൽ 15 കോടിയും ആയിരത്തോളം പേർക്ക് നഷ്ടമായി എന്നാണ് പുറത്തുവന്നത്. ഇതിന്പുറമേ ഇതേ സംഘം നടത്തിയ വഖഫ് ഭൂമി തട്ടിപ്പും ലീഗ് നേതൃത്വത്തിന് മുന്നിലുണ്ട്. ഇവയൊക്കെ കണക്കാക്കി നിക്ഷേപകർക്കും ഇരയായവർക്കും പണം തിരിച്ചുകൊടുക്കണമെങ്കിൽ വലിയകടമ്പ മധ്യസ്ഥൻ കടക്കേണ്ടിവരും.
കമ്പനിയുടെ ആസ്തികൾ വിൽപന നടത്തി ഖമറുദ്ദിനും ടി കെ പൂക്കോയതങ്ങളും നിക്ഷേപകരുടെ പണം തിരിച്ചു നൽകുമെന്നാണ് ലീഗ് നേതൃത്വം ജനങ്ങളെ അറിയിച്ചത്. എന്നാൽ ഒരോ നാൾ പിന്നിടുമ്പോഴും നേതൃത്വം വാക്ക് പാലിക്കുമോ എന്ന സംശയം ലീഗ് അണികളിൽ നിന്ന്ഉയരുകയാണ്.
ഫാഷൻ ഗോൾഡിന്റെ ആസ്തികളിൽ ഭൂരിപക്ഷവും നേരത്തെ കൈമാറിയെന്നാണ് പുറത്തുവന്ന വിവരം. ഫാഷൻ ഗോൾഡും ഇതര സ്ഥാപനങ്ങളും കമ്പനിനിയമപ്രകാരം രജിസ്റ്റർ ചെയ്തതിനാൽ ദേശീയ കമ്പനി ട്രിബ്യൂണലിന്റെ അനുമതിയില്ലാതെ ഡയരക്ടർമാരുടെ സ്വത്തുക്കൾ പോലും വിൽപന നടത്താനാവില്ല. അതിന് പുറമേ ജിഎസ്ടി ഇനത്തിൽ 1.41 കോടി രൂപ വെട്ടിപ്പ് നടത്തിയതിന് ജ്വല്ലറി ഉടമകൾക്ക് കാസർകോട് ഡെപ്യൂട്ടി കമ്മീഷണർ നോട്ടീസ് നൽകിയിരിക്കുകയാണ്. ഇവയൊക്കെ മറികടക്കാൻ മുസ്ലിം ലീഗ് നേതൃത്വത്തിനും മധ്യസ്ഥനും കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
അതിനിടയിൽ സ്ഥിതിവിവരകണക്ക് ശേഖരിക്കാനെന്നപേരിൽ കഴിഞ്ഞ 16ന് ജ്വല്ലറി ജീവനക്കാരെ മധ്യസ്ഥന്റെ വീട്ടിൽ ചോദ്യം ചെയ്തത് പൊലീസ് കേസിലാണ് അവസാനിച്ചത്. അതോടെ കണക്കെടുപ്പും നിലച്ചു. 30 ന് മുമ്പ് നിക്ഷേപകരുടെ വിവരങ്ങൾ, ആസ്തികളുടെ വിവരങ്ങൾ എന്നിവ ശേഖരിക്കുന്നതിനാണ് ജില്ലാ ട്രഷറോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയിൽ മധ്യസ്ഥന് കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്