ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം
ചെന്നൈ: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എസ്.പി.ബിയുടെ നില ഗുരുതരമാകുകയായിരുന്നെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
നേരത്തെ അദ്ദേഹം കൊവിഡ് മുക്തി നേടിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടാവുന്നതായി മകന് എസ്.പി ചരണും നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ആരോഗ്യനില മോശമായത്. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്.പി.ബി ചികിത്സയിലുള്ളത്.
പ്രമേഹം അടക്കമുള്ള രോഗം എസ്.പി.ബിയെ അലട്ടുന്നുണ്ട്. ‘എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അവസ്ഥ വഷളായി. എം.ജി.എം ഹെല്‍ത്ത് കെയറിലെ വിദഗ്ധരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്’, എന്നാണ് എം.ജി.എം ഹെല്‍ത്ത് കെയറിന്റെ മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനുരാധ ഭാസ്കരന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
ഓഗസ്റ്റ് അഞ്ചിന് ആണ് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് കൊവിഡ് ബാധിച്ച വിവരം എസ്.പി.ബി തന്നെയാണ് ആരാധാകരെ അറിയിച്ചിരുന്നത്.തനിക്ക് കുറച്ചുദിവസമായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങളുടെ സുരക്ഷയോര്‍ത്ത് താന്‍ ആശുപത്രിയിലേക്ക് മാറുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.