തിരുവനന്തപുരം: കൊവിഡ് പരിശോധനക്കായി വ്യാജ പേരും മേൽവിലാസവും നൽകി എന്ന പരാതിയെ തുടർന്ന് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ കേസെടുത്തു. പരിശോധനാ രജിസ്റ്ററിൽ പേര് മാറ്റിയതിനാൽ ആൾമാറാട്ടം, പകർച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.രജിസ്റ്ററിൽ കെ.എം അഭി എന്ന പേരാണ് നൽകിയിരിക്കുന്നത്. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവർത്തകനെതിരെയും കേസുണ്ടാകും. പരിശോധനക്ക് സ്വന്തം പേരും ഫോൺ നമ്പരും അഭിജിത്ത് നൽകിയില്ല. രോഗം സ്ഥിരീകരിച്ചിട്ടും ഇത് നൽകിയില്ല. രോഗിയുടെ ഫോൺനമ്പർ ഉപയോഗിച്ചാണ് സമ്പർക്ക പട്ടിക തയ്യാറാക്കുക. അഭിജിത്ത് നൽകിയത് സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ നമ്പരായിരുന്നു.സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും രോഗം പരത്താനുമായിരുന്നു അഭിജിത്തിനെ പോലുള്ള ഒരാൾ ശ്രമിച്ചതെന്നാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പരാതിപ്പെട്ടത്. പോത്തൻകോട്കാരനല്ലാത്ത ഒരാൾ ഇവിടെയുളള മേൽവിലാസം നൽകുന്നത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ആരോപണങ്ങളെ അഭിജിത്ത് പൂർണമായും തളളി. ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുലിന്റേയും താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റ് കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ ആരോഗ്യപ്രവർത്തകരെ അറിയിച്ചുകൊണ്ട് ഇതേ വീട്ടിൽ താൻ കഴിയുകയാണ്. എന്നിട്ടും തന്നെ കാണാൻ ഇല്ലെന്നും കളള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണെന്നും അഭിജിത്ത് ആരോപിക്കുന്നു.കൊവിഡ് രോഗം പിടിപെട്ട് ചികിത്സയിലുളള തന്നെ മാനസികമായി തകർക്കരുതെന്ന് അഭിജിത്ത് പറഞ്ഞു. കെ.എസ്.യു പ്രസിഡന്റ് സൃഷ്ടിച്ച വിവാദം സമൂഹ മാദ്ധ്യമങ്ങളിൽ കോൺഗ്രസ് സി.പി.എം പോരായി മാറിയിരിക്കുകയാണ്.