ബെണ്ടിച്ചാലില്‍ ഉയരുന്നത് ജില്ലയിലെ പൈലറ്റ് പ്രൊജക്റ്റ്.
ചെമ്മനാട് ലൈഫ് മിഷന് ഭവന സമുച്ചയം നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
കോലിയടുക്കം : ഭൂരഹിതരായ ഭവനരഹിതര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന ലൈഫ് മിഷന് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ പൈലറ്റ് പ്രൊജക്ടിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.. ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.കുഞ്ഞിരാമൻ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച് മുഹമ്മദ്കുഞ്ഞി ചായിന്റടി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര, ലൈഫ് മിഷന് ജില്ലാ കോഡിനേറ്റര്‍ എം വത്സന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ള ഒരേക്കർ സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. 44 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. എല്‍ജിഎസ്എഫ്-പ്രീ ഫാബ് എന്ന സാങ്കേതികവിദ്യ ഉപേയാഗിച്ചാണ് 50 സെന്റ് സ്ഥലത്ത് നാലു നിലകളിലായി കെട്ടിടം നിര്‍മിക്കുക. 26,848 സ്ക്വയര്‍ ഫീറ്റിലുള്ള സമുച്ചയ ത്തില്‍ 511 സ്ക്വയര്‍ ഫീറ്റ് വീതമുള്ള 44 വ്യക്തിഗതഭവന യൂണിറ്റുകളാണുള്ളത്. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശുചിമുറിഎന്നിവ ഉള്‍പ്പെടുന്നതാണ് ഒരു യൂണിറ്റ്. ഇതിന് പുറമേ അങ്കണവാടി, വായനശാല, വയോജന പരിപാലനകേന്ദ്രം, കോമണ്റൂം, സിക്ക് റൂം, മാലിന്യ സംസ്കരണ കേന്ദ്രം, സൗരോര്‍ജ സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഗ്രൗണ്ട് ഫ്ളോറിലെ രണ്ട് ഫ്ളാറ്റുകള്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്തവയാണ്. ദേശീയ പാതയില്‍നിന്നും 1.5 കിലോമീറ്റര്‍ മാറി ചട്ടഞ്ചാല്‍-ദേളി റൂട്ടിൽ ബെണ്ടിച്ചാലിലാണ് സമുച്ചയും. കിഫ്ബിയിലൂടെ കേരള വാട്ടര്‍ അതോറിറ്റി ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ വിവിധപ്രദേശ ങ്ങളിലേക്ക് വിഭാവനം ചെയ്തിട്ടുള്ള ജലവിതരണ പദ്ധതിയിലൂടെയാണ് ഇവിടേക്ക് കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിടുന്നത്. 6.64 കോടി രൂപയാണ് പദ്ധതി തുക. തൃശൂര്‍ ഡിസ്ടിക്ട് ലേബര്‍ കോണ്‍ട്രാക്ട് സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്.