പാലാരിവട്ടം ‘പാലം വലിക്കാൻ ‘ കോടതിയില്‍ പോയവരില്‍ ഇബ്രാഹിംകുഞ്ഞിന്റെ ബിനാമിയും,
വാർത്തയുമായി ദേശാഭിമാനി.
കൊച്ചി:പാലാരിവട്ടം പാലം പുതുക്കി പണിയുന്നത് തടയാന്‍ പൊതുതാല്‍പ്പര്യത്തിന്റെ മറവില്‍ കോടതിയെ സമീപിച്ചത് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെയും കരാര്‍ കമ്പനിയുടെയും ബിനാമികള്‍. ലക്ഷങ്ങള്‍ പ്രതിഫലംപറ്റുന്ന മനു അഭിഷേക് സിങ്വിയും വി ഗിരിയും ഉള്‍പ്പെടെ നാലു മുതിര്‍ന്ന അഭിഭാഷകരാണ് ഇവര്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
പൊതുതാല്‍പ്പര്യത്തിന്റെ പേരിലായിരുന്നു ഹര്‍ജികളെങ്കിലും, പാലം നിര്‍മാണത്തിന്റെ ഭാഗമായി നടന്ന വന്‍ അഴിമതി അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരാരും ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയം. കോടതിവ്യവഹാരങ്ങളില്‍ കുടുങ്ങി പാലം പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായത് ഒരുവര്‍ഷം.
കൊച്ചിയിലെ സ്വകാര്യ എന്‍ജിനീയറിങ് സ്ഥാപനമാണ് ആദ്യം ഹൈക്കോടതിയില്‍ റിട്ട് നല്‍കിയത്. പിന്നാലെവന്ന അഞ്ച് പൊതുതാല്‍പ്പര്യഹര്‍ജികളില്‍ ഒന്ന് വി കെ ഇബ്രാഹിംകുഞ്ഞിന്റെ ബിനാമിയാണ് ഫയല്‍ ചെയ്തതെന്ന് അറിയുന്നു. മറ്റു നാല് പൊതുതാല്‍പ്പര്യഹര്‍ജികളും നിര്‍മാണ കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട്സിനുവേണ്ടി മറ്റുള്ളവര്‍ ഫയല്‍ ചെയ്തതാണ്. ഭാരപരിശോധന നടത്തണമെന്നും തകരാറിലായ പാലം പൊളിക്കരുതെന്നുമായിരുന്നു റിട്ടിലെയും പൊതുതാല്പ്പര്യഹര്ജികളിലെയും ആവശ്യം.
ആര്‍ഡിഎസില്‍നിന്ന് വിരമിച്ചവരോ അവരുടെ വിവിധ പ്രോജക്ടുകളില്‍ പങ്കാളികളായിരുന്നവരോ ആണ് റിട്ട് ഹര്‍ജി നല്കിയ എന്‍ജിനിയര്‍മാരുടെ സ്ഥാപനത്തിന്റെ പ്രധാനികള്‍. പൊതുമരാമത്തുവകുപ്പിലും കിറ്റ്കോപോലുള്ള സ്ഥാപനങ്ങളിലും സര്‍വീസിലിരിക്കെ ആര്‍ഡിഎസിന്റെ സഹായം പറ്റിയവരും ഈ സ്ഥാപനത്തിലുണ്ട്. കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച അര്‍ധസര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്കോയെ ഇവര്‍ ബോധപൂര്‍വം കേസില്‍ എതിര്‍കക്ഷിയാക്കി.
ആര്‍ഡിഎസിനെ അനുകൂലിച്ചാണ് കിറ്റ്കോ സത്യവാങ്മൂലം നല്‍കിയത്. അതും തെറ്റായ വിവരങ്ങളോടെ. പാലത്തിന്റെ ഗുണനിലവാര പരിശോധന സര്‍ക്കാര്‍ തടയുന്നുവെന്നും കരാര്‍വ്യവസ്ഥപ്രകാരം കരാറുകാരന് അതിന് അവകാശമുണ്ടെന്നുമായിരുന്നു വാദം. പാലം കമീഷന് ചെയ്യുംമുമ്പാണ് പരിശോധന നടത്തേണ്ടതെന്ന കരാര്‍ വ്യവസ്ഥ കിറ്റ്കോ മറച്ചുവച്ചു. ഇത് ഹൈക്കോടതി വിധി കരാറുകാരന് അനുകൂലമാകാന്‍ പ്രധാന കാരണമായി.
ആര്ഡിഎസിനുവേണ്ടിയാണ് സുപ്രീംകോടതിയിലെ ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകരിലൊരാളായ മനു അഭിഷേക് സിങ്വി ഹാജരായത്. എന്‍ജിനിയര്‍മാരുടെ സ്ഥാപനത്തിനുവേണ്ടി ഹാജരായ വി ഗിരിയും കിറ്റ്കോയ്ക്കുവേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യവും വന്‍ പ്രതിഫലം വാങ്ങുന്നവരാണ്.