ദുരിതം ഇരട്ടിച്ചു. ബേക്കല്പ്പാലം അറ്റകുറ്റപ്പണി മഴയില്‍ മുടങ്ങി: പാലം തുറക്കുന്നത് രണ്ടാഴ്ച നീളും
ബേക്കൽ :അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കി ബേക്കല്പ്പാലം തുറക്കാനുള്ള ശ്രമം ശക്തമായ മഴയില്‍ മുടങ്ങി. ഇതോടെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇനിയും രണ്ടാഴ്ചയിലേറെ കാത്തിരിക്കണമെന്നു കെഎസ്ടിപി അധികൃതര്‍. ഇതു യാത്രക്കാരുടെ ദുരിതവും ഇരട്ടിയാക്കും. കാസര്‍കോട്കാഞ്ഞങ്ങാട് കെഎസ്ടിപി തീരദേശ പാതയിലെ ബേക്കല്പ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചത് 7നാണ്.
പാലത്തിന്റെ സ്പാനുകള്‍ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഉയര്‍ത്തി പഴയതു മാറ്റി പുതിയ 18 ബെയറിങ്ങുകള്‍ ഘടിപ്പിക്കുന്ന ജോലിയും പൂര്‍ത്തിയായി. എക്സ്പാന്ഷന് ജോയിന്റുകളുടെ പണിയാണു നടക്കുന്നത്. പഴയതു മാറ്റി നവീന രീതിയിലുള്ളവ ഘടിപ്പിക്കുന്നതാണു ജോലി. സ്പാനുകള്‍ കൂടിച്ചേരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്യണം. കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് 10 ദിവസത്തിലേറെ വെള്ളം കെട്ടി നിര്‍ത്തണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ പ്രവൃത്തിക്ക് തടസ്സമായി. കോണ്‍ക്രീറ്റ് ഉണങ്ങുന്ന സമയത്തു തന്നെ പാലത്തിന്റെ ഇരുവശങ്ങളിലെയും സ്ലാബുകള്‍ മാറ്റുന്ന ജോലി തുടരും. ബേക്കല്‍ കവലയില്‍ നിന്നു പാലത്തിലേക്കു കടക്കുന്നിടത്തു പുഴയരികിലെ ആല്‍മരത്തിന്റെ വേരുകള്‍ പഴയ കോണ്‍ക്രീറ്റ് തുളച്ചു പാലത്തിനുള്ളില്‍ കയറിയിട്ടുണ്ട്.
ഇത് പാലത്തിന് ഭീഷണിയാണ്. ഇതും പരിഹരിക്കണം.കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്ത് കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി ജോലി വേഗത്തില്‍ തീര്‍ക്കാനാണ് ആലോചിക്കുന്നത്.50 ലക്ഷത്തിലേറെ രൂപയാണ് അറ്റകുറ്റപ്പണിക്കായി കെഎസ്പിടി അനുവദിച്ചത്. കൊച്ചിയിലെ സ്വകാര്യ കമ്പനിയാണു പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. പാലം അടച്ചിട്ടതോടെ വാഹനങ്ങള്‍ ഇപ്പോള്‍ പാലക്കുന്നില്‍ നിന്നു കോട്ടിക്കുളം റെയില്‍വേ ഗേറ്റിലൂടെ ബേക്കല്‍ ജംക്ഷനിലെത്തുകയാണ്.
കാഞ്ഞങ്ങാട് നിന്നുള്ള വാഹനങ്ങള്‍ ബേക്കല്‍ ജംക്ഷനില്‍ നിന്നു മുതിയക്കാല്‍ വഴി പാലക്കുന്നിലെത്തും. ചരക്കുവാഹനങ്ങള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു തന്നെ ദേശീയപാത വഴി പകല്‍ നേരങ്ങളില്‍ കടത്തി വിടാറുണ്ടെങ്കിലും രാത്രികളില്‍ ഇതിലൂടെയാണ് പോകുന്നതെന്നു പരിസരവാസികള്‍ പറയുന്നു. പാലത്തിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.