കെഎസ്യു സംസ്ഥാന പ്രസിഡണ്ട് വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തി; രോഗം സ്ഥിരീകരിച്ചെന്ന് പഞ്ചായത്ത് പ്രസിഡണ്ട്,
വെട്ടിലായി കോൺഗ്രസ്സ്
തിരുവനന്തപുരം :കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് വ്യാജ പേരില്‍ തന്റെ കോവിഡ് ടെസ്റ്റ് നടത്തിയെന്ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതി. തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിന്റെ പ്രസിഡണ്ടാണ് കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡണ്ട് കോവിഡ് ടെസ്റ്റ് വ്യാജ പേരില്‍ നടത്തിയ ശേഷം മുങ്ങിയതായി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് ന്യൂസ് ചാനൽ റിപ്പോര്‍ട്ട് ചെയ്തു. കെഎം അബി എന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്. ടെസ്റ്റില്‍ റിസള്‍ട്ട് പൊസിറ്റീവായതോടെ ആള് മുങ്ങിയെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആരോപിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അട്ടിമറിക്കാനും നാട്ടില്‍ മുഴുവന്‍ രോഗം പടര്‍ത്താനുമാണ് നേതാവ് ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
കെ എം അബി, തിരുവോണം എന്ന മേല്‍വിലാസത്തിലാണ് അഭിജിത്ത് എത്തിയത്. കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടേതാണ് ഈ മേല്‍വിലാസമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു. സംഭവം വിവാദമായതോടെ താന്‍ പരിശോധനയ്ക്ക് വിധേയനായതായി വെളിപ്പെടുത്തി അഭിജിത്ത് രംഗത്തെത്തി. പരിശോധനയ്ക്ക് നല്കിയ മേല്‍വിലാസത്തിലെ വീട്ടില്‍ തന്നെ ക്വാറന്റീനിലാണെന്നാണ് കെ എം അഭിജിത് വിശദീകരിക്കുന്നത്.
എന്തുകൊണ്ടാണ് പേര് തെറ്റായ് നല്കി കബളിപ്പിക്കാന്‍ ശ്രമിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം അഭിജിത്ത് ഇതുവരെ ഫേസ്ബുക്കിലോ മറ്റോ പോസ്റ്റ് ചെയ്തിട്ടില്ല. തിരുവനന്തപുരത്തടക്കം നടന്ന വലിയ പ്രതിഷേധ സമരങ്ങളില്‍ ഇദ്ദേഹം കഴിഞ്ഞദിവസങ്ങളില്‍ പങ്കെടുത്തിരുന്നു. വലിയ തോതിലുള്ള രോഗ വ്യാപനത്തിന് ഇത് കാരണമാകുമോയെന്ന ആശങ്ക നിലവിലുണ്ട്. തിരുവനന്തപുരത്തെ സമരങ്ങളില്‍ പങ്കെടുത്ത രണ്ട് കെ എസ് യു നേതാക്കളും ഒരു എബിവിപി നേതാവും ഇതിനകം തന്നെ കോവിഡ് ബാധിതരായിട്ടുണ്ട്.
സംസ്ഥാനത്ത് സെപ്തംബര്‍ 11 മുതല്‍ വിവിധയിടങ്ങളില്‍ നടന്നുവരുന്ന സമരങ്ങളില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. കൊല്ലം നഗരത്തില്‍ 4 പേര്, തിരുവനന്തപുരം സിറ്റിയില്‍ 3 പേര്, തൃശ്ശൂര്‍ റൂറലില്‍ 2 പേര്, ആലപ്പുഴ. കോഴിക്കോട് റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇത് ഇപ്പോള്‍ ലഭ്യമായ കണക്കുകളാണ്. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍പ്പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ കൃത്യമായ കണക്ക് ഇപ്പോള്‍ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിനിറങ്ങിയ അവരില്‍ നിന്ന് എത്ര പേര്‍ക്ക് പടര്‍ന്നുവെന്നത് മനസ്സിലാക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി ജലീലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത നിരവധി പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. രണ്ട് കെഎസ് യു നേതാക്കള്‍ക്കും ഒരു എബിവിപി നേതാവിനും രോഗബാധയുണ്ടായത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. ഇരുപതോളം പൊലീസുകാര്‍ക്കും തിരുവനന്തപുരം നഗരത്തില്‍ മാത്രം രോഗബാധയുണ്ടായി