ഡൽഹിയിലെ ഷഹീൻ ബാഗ് പ്രതിഷേധത്തിന്റെ മുഖമായി മാറിയ 82 കാരിയായ സ്ത്രീയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടൻ ഐഷ്മാൻ ഖുറാനയും ടൈം മാസികയുടെ 2020ൽ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഇടം പിടിച്ചു.
“ഈ വർഷം ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ” വിവിധ മേഖലകളിൽ ഉള്ള വ്യക്തികൾ വാർഷിക പട്ടികയിൽ ഉൾക്കൊള്ളുന്നു.
പ്രധാനമന്ത്രി മോദിയെ “ലീഡേഴ്സ്” വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുമ്പോൾ, ബിൽകിസ്, അഥവാ “ഷാഹീൻ ബാഗിലെ മുത്തശ്ശിയെ”, “ഐക്കണുകൾ” എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം 70 വയസ്സ് തികഞ്ഞ പ്രധാനമന്ത്രി 2017 ലെ വാർഷിക ടൈം മാഗസിൻ പട്ടികയിലാണ് അവസാനമായി ഇടം നേടിയത്.
പൗരത്വ നിയമ ഭേദഗതി അഥവാ സിഎഎ-ക്ക് എതിരായ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായി ഡൽഹിയിലെ ഷഹീൻ ബാഗ് മാറുകയും നൂറുകണക്കിന് ആളുകൾ – കൂടുതലും സ്ത്രീകൾ – ഡൽഹിയിലെ കഠിനമായ ശൈത്യകാലത്തെ അതിജീവിച്ച് 100 ദിവസത്തിലേറെ റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു.
ഷഹീൻ ബാഗിലെ ‘ദാദീസ് (മുത്തശ്ശിമാർ)’ എന്നറിയപ്പെടുന്നവരിൽ ബിൽകിസും ഉൾപ്പെടുന്നു. ഇവർ തങ്ങളുടെ വീടുകളിലെ സുഖസൗകര്യങ്ങൾ വെടിഞ്ഞ് പ്രതിഷേധത്തെ മുന്നിൽ നിന്ന് നയിച്ചു. പ്രതിഷേധത്തിന്റെ ഓരോ ദിവസവും പ്രായമായ സ്ത്രീകൾക്ക് മുൻ നിരയിൽ ഒരു പ്രധാന ഇടം നൽകിയിരുന്നു.
“ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി ബിൽകിസ് മാറി” എന്ന് ടൈം മാഗസിൻ പട്ടികയിൽ ബിൽകിസിന്റെ ചെറു വിവരണം എഴുതികൊണ്ട് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബ് അഭിപ്രായപ്പെട്ടു.
“ഒരു കൈയിൽ ജപമാലയും മറു കൈയിൽ ദേശീയ പതാകയുമായി ബിൽകിസ് ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറി, 82 വയസുകാരി രാവിലെ 8 മുതൽ അർദ്ധരാത്രി വരെ പ്രതിഷേധ സ്ഥലത്ത് ഇരിക്കും,” മാസികയിൽ പറഞ്ഞു.
ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ്, പ്രൊഫസർ രവീന്ദ്ര ഗുപ്ത എന്നിവരും മാസികയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.