തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് എത്തിച്ച ഈന്തപ്പഴം എട്ടു ജില്ലകളില്‍ സാമൂഹികനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തതായി വിവരം. കാസർകോട് ജില്ലയിൽ 444 കിലോഗ്രാം ഈന്തപ്പഴം സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള 45 സ്ഥാപനങ്ങളിൽ വിതരണം ചെയ്തു.
കസ്റ്റംസ് നോട്ടീസ് നല്‍കിയതിനു പിന്നാലെ നടത്തുന്ന കണക്കെടുപ്പിലാണ് വിവരങ്ങൾ വ്യക്തമായത്. ഏതൊക്കെ സ്ഥാപനങ്ങളില്‍ എത്രയളവില്‍ വിതരണംചെയ്തെന്ന കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ. ഇക്കഴിഞ്ഞ 15-നാണ് സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. 30-നു മുമ്പ് മറുപടി നല്‍കാനാണു നിര്‍ദേശം.
17,000 കിലോ ഈന്തപ്പഴം കോണ്‍സുലേറ്റിനായി സംസ്ഥാനത്തെത്തിയെന്നാണ് കസ്റ്റംസിന്റെ കണക്ക്. നാല്‍പ്പതിനായിരത്തോളം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും സാമൂഹികനീതി വകുപ്പിനു കീഴിലെ അനാഥാലയങ്ങള്‍, മറ്റ് അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കും വിതരണം ചെയ്യാനായിരുന്നുഇത് .
സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട സാഹചര്യത്തില്‍ ഈന്തപ്പഴം വിതരണത്തിലും സംശയം തോന്നിയതിനെ തുടര്‍ന്നാണ് സാമൂഹികനീതി വകുപ്പില്‍നിന്ന് കസ്റ്റംസ് കണക്ക് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ഉള്‍പ്പെടെ എട്ടു ജില്ലകളില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ ലഭ്യമായെന്നാണു വിവരം. ഈ ജില്ലകളില്‍ ഈന്തപ്പഴം വിതരണം ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളില്‍നിന്നുമുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ 30-നുമുമ്പ് കസ്റ്റംസിന് മറുപടി നല്‍കുമെന്ന് സാമൂഹികനീതി വകുപ്പ് പറയുന്നു.
സാമൂഹികനീതി വകുപ്പിനു കീഴിലുള്ള അനാഥാലയങ്ങളിലും പ്രത്യേക സ്കൂളുകളിലും ഇത്തരത്തിലുള്ള സഹായങ്ങള്‍ എത്താറുണ്ട്. അവ വിതരണംചെയ്യാന്‍ ബന്ധപ്പെട്ടവര്‍ അനുമതി നല്‍കാറുമുണ്ട്.