പാലാരിവട്ടം പാലം കേസില്‍ സുപ്രീം കോടതിയില്‍ ഇന്ന് അന്തിമ വാദം
ന്യൂഡല്‍ഹി : പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിന് അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
അതേസമയം ഭാരപരിശോധന നടത്താതെ പാലം പൊളിക്കാന്‍ അനുവദിക്കരുത് എന്ന് പാലം നിര്‍മ്മിച്ച ആര് ഡി എസ് പ്രോജക്ട് കോടതിയില്‍ ആവശ്യപ്പെടും. പാലാരിവട്ടം പാലം പൊളിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മേല്‍പ്പാലം നിര്‍മ്മിച്ച കമ്പനിയും കണ്‍സല്‍ട്ടന്റ് ആയ കിറ്റ്കോയും തടയാൻ ശ്രമിക്കുന്നതായി മറുപടി സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രീം കോടതിയെ അറിയിച്ചു.
പാലം പൊളിക്കുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. പാലത്തില്‍ തത്സ്ഥിതി തുടരണമെന്ന് നിര്‍ദേശിച്ച് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പുറപ്പടുവിച്ച മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് പാലം പൊളിച്ച് പുതിയത് പണിയാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കോടതി നടപടികളെ തുടര്‍ന്ന് പാലം നിര്‍മ്മാണം വൈകുകയാണെന്ന് കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടും.
ദേശീയപാതയില്‍ കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഈ വര്‍ഷം കമ്മീഷന് ചെയ്യുന്നതോടെ പാലാരിവട്ടത്ത് ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആയിരുന്നു. ഭാരപരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് പാലം നിര്‍മ്മിച്ച കമ്പനിയും നിർമ്മാണത്തിലെ കണ്‍സല്‍റ്റന്റ് ആയ കിറ്റ്കോയും ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.
വളഞ്ഞ വഴിയിലൂടെ ലക്ഷ്യം നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കിറ്റ്കോ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അതെ സമയം കിറ്റ്കോയും, ആര് ഡി എസ് പ്രോജക്ട്സും പാലം പൊളിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കേരളം സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.