ഖമറുദ്ദീനെ സർക്കാരും പൊലീസും സംരക്ഷിക്കുന്നുവെന്ന് ബിജെപി; വിശുദ്ധ ഗ്രന്ഥം എന്ന ആയുധം സി.പി.എമ്മിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കെ.സുരേന്ദ്രൻ
കാസർകോട്: കേരളം കണ്ടതിൽ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പാണ് കാസർഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിയായ മഞ്ചേശ്വരം എം.എൽ.എ കമറുദ്ദീനെ സർക്കാരും പൊലീസും രക്ഷിക്കാൻ ശ്രമിക്കുകയാണ്. വ്യക്തമായ തെളിവ് കിട്ടിയിട്ടും പൊലീസ് എം.എൽ.എയെ അറസ്റ്റ് ചെയ്യുന്നില്ല. അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് പൊലീസ് കമറുദ്ദീന് നൽകിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.തീവ്രവാദ സംഘടനകളുടെ കൂട്ടുപിടിച്ച് വർഗീയ ധ്രുവീകരണമുണ്ടാക്കി തിരഞ്ഞെടുപ്പിൽ ജയിക്കാനാണ് സി.പി.എം ശ്രമം. തുടർച്ചയായി വർഗീയതയെ കൂട്ട് പിടിക്കുന്നത് സി.പി.എം അണികളിൽ തന്നെ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സി.പി.എമ്മിനെ താങ്ങിനിർത്തുന്ന വോട്ടുബാങ്ക് ആയ വിഭാഗങ്ങളെല്ലാം തങ്ങൾ ഒന്നിനും കൊളളാത്തവരാണ് എന്ന ധാരണ ആ പാർട്ടിയിൽ ശക്തമാണ്. വിശുദ്ധ ഗ്രന്ഥം എന്നുളള ആയുധം സിപിഎമ്മിന് തിരിച്ചടിയാകും. സി.പി.എമ്മിൽ ഒരുവിഭാഗം കാലാകാലങ്ങളായി വഞ്ചിക്കപ്പെടുകയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കാസർകോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.