മട്ടന്നൂരില്‍ സി.പി.എം കേന്ദ്രത്തില്‍ സ്ഫോടനം; യുവാവിന് ഗുരുതരം, രണ്ടുപേര്‍ അറസ്റ്റില്‍, കണ്ണൂരിൽ പോലീസ് ജാഗ്രത
കണ്ണൂര്‍: സി.പി.എം ശക്തികേന്ദ്രമായ മട്ടന്നൂര്‍ നടുവനാട്ട് സ്ഫോടനം നടന്നു. തിങ്കളാഴ്ച രാവിലെ നിടിയാഞ്ഞിരം വേളപ്പൊയിലെ വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനായ രാജേഷിന് പരിക്കേറ്റു. രാജേഷിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടനം നടക്കുമ്പോള്‍ വീടിന് പുറത്തു ഉണ്ടായിരുന്ന രണ്ടു പേരെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത്. ഇതിനിടെ, സ്ഫോടനം നടന്ന വീട് സന്ദര്‍ശിക്കാനെത്തിയ കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് സതീശന് പാച്ചേനിയെ സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞതായി കോണ്‍ഗ്രസ് ആരോപിച്ചു.
സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശന് പാച്ചേനി ആവശ്യപ്പെട്ടു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനം പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണെന്ന് വരുത്തി തീര്‍ക്കാനാണ് പൊലീസ് ശ്രമമെന്നും സതീശന് പാച്ചേനി ആരോപിച്ചു