കൊച്ചി: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കോഴ , ഖുർആൻ വിവാദങ്ങളില്‍ യു.എ.ഇക്കു കടുത്ത അതൃപ്തി. സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതോടെ അപമാനിക്കപ്പെട്ടെന്ന വിലയിരുത്തലില്‍ തിരുവനന്തപുരം കോണ്‍സുലേറ്റ് പൂട്ടുന്നതു പരിഗണനയില്‍. ചെെന്നെയില്‍ കോണ്‍സുലേറ്റ് തുടങ്ങി കേരളത്തിലെ അറ്റസ്റ്റേഷന് അവിടേക്കു മാറ്റാനുള്ള നീക്കങ്ങൾ സജീവമായി. ആരോപണവിധേയരായ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും പൂര്‍ണമായും വിശ്വാസത്തിലെടുത്തുള്ള നിലപാടാണു യു.എ.ഇയുടേതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ചതും അതും ഖുർആൻറെ മറവിൽ സ്വര്‍ണക്കടത്ത് എന്നുപറഞ്ഞ് വിവാദമാക്കിയതാണ് രോഷത്തിനു പ്രധാന കാരണം. തങ്ങളുടെ ഔദ്യോഗിക സംവിധാനം ഇടപെട്ട് അയച്ചതല്ലാത്തതിനാല്‍ സ്വര്‍ണമെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജ് എന്നു വിശേഷിപ്പിക്കരുത്. ദുബായില്‍നിന്ന് ആര്‍ക്കു വേണമെങ്കിലും കോണ്‍സുലേറ്റ് വിലാസത്തിലേക്കു കാര്‍ഗോ അയയ്ക്കാം. ഇതിനെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജായി കണക്കാക്കാനാകില്ലെന്നു യു.എ.ഇ. അധികൃതര്‍ എന്ത്യന് എംബസിയെ അറിയിച്ചു.
നികുതിയും പിഴയുമടച്ച് തീര്‍ക്കാവുന്ന കസ്റ്റംസ് കേസ് മാത്രമായിരുന്നിട്ടും രാജ്യത്തിന് അപകീര്‍ത്തികരമായ സംഭവങ്ങളാണുണ്ടാകുന്നതെന്ന് അവര്‍ അറിയിച്ചതായാണു സൂചന. കള്ളക്കടത്ത് കേസില്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമര്‍ഷമുണ്ട്. എന്‍.ഐ.എ. സംഘം ദുബായിലെത്തിയെങ്കിലും പ്രതികളെ കാണാന്‍ അനുവദിക്കാതിരുന്നത് ഇതിനാലാണെന്നാണു വിലയിരുത്തല്‍.
കോണ്‍സുലേറ്റിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന നടപടിയായതിനാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് യു.എ.ഇ. വ്യക്തമാക്കിയെങ്കിലും പിന്നീടുണ്ടായ വിവാദങ്ങളെത്തുടർന്ന് ഫൈസല്‍ ഫരീദിനെ വിട്ടുതരാനോ അറ്റാഷെയെ ചോദ്യംചെയ്യാനോ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍തല അനുമതിയില്ലാതെ കഴിയില്ലെന്നാണു മറുപടി. പ്രളയദുരിതാശ്വാസ സഹായമായി സന്നദ്ധ സംഘടന വഴി 20 കോടി രൂപ നല്കിയതും അപകീര്‍ത്തിയിലാണ് എത്തിയതും യുഎഇയെ ചൊടിപ്പിച്ചിട്ടുണ്ട്. അതില്‍ നാലരക്കോടി രൂപ കോണ്‍സല്‍ ജനറലിനു കോഴ നല്‍കിയെന്ന ആരോപണവും യു.എ.ഇയെ പ്രകോപിച്ചു.
കോവിഡ്മൂലം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ജൂെലെ അവസാനവാരം പുനരാരംഭിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും സ്വര്‍ണക്കടത്ത് വിവാദമായതോടെ യു.എ.ഇ. പിന്നോട്ടുമാറി. നോര്‍ക്ക അധികൃതര്‍ പലതവണ സമ്മര്‍ദം ചെലുത്തിയെങ്കിലും വിദേശ മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നിട്ടില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞയാഴ്ചയാണ് ഇതു പുനരാരംഭിച്ചത്.