25 വര്‍ഷത്തേക്ക് കേരളം പവർഫുള്ളാകും, 2000 മെഗാവാട്ട് പ്രവാഹം ഉടന്‍, വിതരണത്തിന് പവര്ഹൈവേകൾ ഒപ്പം ഉഡുപ്പി -കാസർകോട് ലൈനും വരും.
തൃശൂര്‍:കേരളത്തിലെ ഏറ്റവും വലിയ പവര്‍ സ്റ്റേഷനും 2000 മെഗാവാട്ട് മാടക്കത്തറ- പുഗലൂര്‍ ലൈനും കമീഷനിലേക്ക്. തമിഴ്നാട്ടിലെ പുഗലൂരില്‍നിന്നും മാടക്കത്തറ സ്റ്റേഷനിലേക്ക് അടുത്തമാസം വൈദ്യുതി പ്രവഹിക്കും. ഇവിടെനിന്നുള്ള വൈദ്യുതി വിതരണം സുഗമമാക്കാന്‍ കെഎസ്ഇബിയുടെ പവര്‍ഹൈവേകളും 220 സബ്സ്റ്റേഷനും നിര്‍മാണം പൂര്‍ത്തിയാവുകയാണ്. ഇതോടെ സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങും പവര്‍കട്ടും പൂര്‍ണമായും ഇല്ലാതാവും. അടുത്ത 25 വര്‍ഷത്തേക്ക് കേരളത്തില്‍ വൈദ്യുതി ക്ഷാമമില്ലാതിരിക്കാന്‍ ലക്ഷ്യമിട്ട വന്‍ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്.
തമിഴ്നാട്ടിലെ പുഗലൂര്‍- മാടക്കത്തറ ലൈനും 2000 മെഗാവാട്ട് പവര്‍സ്റ്റേഷനും പവര്‍ഗ്രിഡ് കോര്‍പറേഷനാണ് നിര്‍മിക്കുന്നത്. പ്രസരണ നഷ്ടം കുറവായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഹൈവോള്‍ട്ടേജ് ഡയറക്ട് കറന്റാണ് (എച്ച്വിഡിസി) മാടക്കത്തറയിലെത്തുക. ഇത് എസിയാക്കിമാറ്റി 400 കെവി വഴിയാണ് വിതരണം. മാടക്കത്തറയ്ക്കൊപ്പം കൊച്ചിയിലും ഈ വൈദ്യുതി എത്തിക്കും.
കേരളത്തില്‍ 2800 മെഗാവാട്ടാണ് നിലവില്‍ ഇറക്കുമതിശേഷിയെന്ന് കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പ്രോജക്ട് ചീഫ് എന്‍ജിനിയര്‍ ഡോ. പി രാജന് പറഞ്ഞു. പുഗലൂരില്‍നിന്ന് 2000 മെഗാവാട്ട്കൂടി എത്തുന്നതോടെ 4800 മെഗാവാട്ടാവും. ആഭ്യന്തര ഉല്‍പ്പാദനം പരമാവധി 1400 മെഗാവാട്ടാണ്. ഇതുള്‍പ്പെടെ 6200 മെഗാവാട്ട് വൈദ്യുതി പ്രയോജനപ്പെടുത്താം. കേരളത്തില്‍ പരമാവധി 4000 മെഗാവാട്ടാണ് വൈദ്യുതി ആവശ്യകത. വര്‍ഷംതോറുമുള്ള ശരാശരി ലോഡ് വര്‍ധന കണക്കാക്കിയാല്‍ 25 വര്‍ഷത്തേക്കുള്ള വൈദ്യുതി ആവശ്യകത കണക്കാക്കിയുള്ള പദ്ധതികളാണ് പൂര്‍ത്തിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പവര്‍ഹൈവേയും ഒരുങ്ങുന്നു
കേരളത്തില്‍ വൈദ്യുതി വിതരണത്തിന് അന്തര്‍സംസ്ഥാന ലൈനുകള്‍ക്കൊപ്പം സംസ്ഥാന പവര്‍ഹൈവേയും ശക്തമാക്കി. പുഗലൂര്‍ – മാടക്കത്തറ 2000 മെഗാവാട്ട് ലൈനിനൊപ്പം അരീക്കോട് – മൈസൂര്‍ ലൈനും സമാന്തരമായി നിലവിലുണ്ട്. ഈ ലൈന്‍ വയനാടുനിന്നും കട്ട്ചെയ്ത് കാസര്‍കോട് എത്തിക്കാനും പദ്ധതിയുണ്ട്. ഉടുപ്പി – കാസര്‍കോട് പ്രത്യേക ലൈന്‍ വലിക്കും. ഇതോടെ ഉടുപ്പി, കാസര്‍കോട്, വയനാട്, അരീക്കോട്, തൃശൂര്‍, കൊച്ചി, കോട്ടയം, എടമണ്‍, തിരുവനന്തപുരം എന്ന 400 പവര്‍ഹൈവേ യാഥാര്‍ഥ്യമാവും.