ആശങ്ക വേണ്ട,അനിശ്ചിതാവസ്ഥയുമില്ല ചട്ടഞ്ചാൽ കോവിഡ് ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാകും, ബി എൻ സി യോട് കെ കുഞ്ഞിരാമൻ എം എൽ എ
കാസർകോട് :ചട്ടഞ്ചാൽ ടാറ്റാ ഗവ. കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ ഊർജിതമായി നടന്നു വരികയാണെന്ന് കെ. കുഞ്ഞിരാമൻ എം എൽ എ. കോവിഡിനെ പിടിച്ചുകെട്ടാൻ യത്നം തുടരുന്ന പിണറായി സർക്കാർ ഈ ആശുപത്രി പ്രവർത്തന സജ്ജമാക്കുന്നതിൽ ഒരു വിമുഖതയും കാട്ടില്ല. സ്ഥാപനം ഒരുക്കിയെടുക്കാൻ ഔദ്യോഗിക തലത്തിൽ ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ പണികൾ ആരോഗ്യവകുപ്പിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നുണ്ട്. ഡോക്ടർമാർ ഉൾപ്പെടെ നനൂറോളം ജീവനക്കാർ കോവിഡ് ആശുപത്രിയിൽ വേണ്ടിവരുമെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനുള്ള ആസൂത്രണങ്ങൾ നടക്കുന്നുണ്ട്. ആശുപത്രി നിർമാണം വിജയകരമായി നയിച്ച ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫിസറും ഇപ്പോഴും ഇതിന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. അവരും ആരോഗ്യ വകുപ്പിന് നിലവിലെ സ്ഥിതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ ജീവനക്കാരെ നിയമിക്കുന്നതോടെ
ഇതിന്റെ പശ്ചാത്തല സൗകര്യം കൂടുതൽ ശക്തമാക്കണം.
ഇതിന് ബഹുജനങ്ങളുടെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടേയും മറ്റും നിർലോഭമായ സഹകരണം വേണം.
ആശുപത്രി വിഷയത്തിൽ അനിശ്ചിതാവസ്ഥ ഇല്ല. മറിച്ചുള്ള പ്രചാരണങ്ങളും ചർച്ചകളും അനാവശ്യമാണ്. കോവിഡ് ആശുപത്രി നിലവിൽ വരില്ലെന്ന് പ്രചരിപ്പിച്ചവരാണ് ഇപ്പോൾ ഇതിന്റെ രക്ഷകരായി വരുന്നത്
ഈ അപഹാസ്യം ജനം തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന എൽ ഡി എഫ് സർക്കാരും ആരോഗ്യവകുപ്പും ചട്ടഞ്ചാൽ കോവിഡ് ആശുപത്രി സർവ സജ്ജമാക്കുന്നതിൽ പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നത്
ഇതിൽ ആർക്കും സംശയം വേണ്ട. എം എൽ എ ഉറപ്പിച്ചു പറഞ്ഞു. ഇന്ന് രാവിലെ ബി എൻ സി യോട് സംസാരിക്കുകയായിരുന്നു ഉദുമ മണ്ഡലത്തിൽ വികസന വിപ്ലവം നയിക്കുന്ന കെ. കുഞ്ഞിരാമൻ.