കുരുക്ക് മുറുകുന്നു,ഖമറുദ്ദീന്റെ കോളേജ് ‘ഫിറ്റ്നസ്’ ഇല്ലാത്ത കെട്ടിടത്തിൽ ; അഫിലിയേഷൻ തടഞ്ഞ് സർവകലാശാല
തൃക്കരിപ്പൂർ :കോടികൾ നിക്ഷേപമായി സ്വീകരിച്ച് എം സി ഖമറുദ്ദീൻ എംഎൽഎ തുടങ്ങിയ തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് (ടാസ്ക്) കഴിഞ്ഞ ഏഴുവർഷമായി പ്രവർത്തിക്കുന്നത് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത വാടകക്കെട്ടിടത്തിൽ. കച്ചവട ആവശ്യങ്ങൾക്കായി തൃക്കരിപ്പൂർ വൾവക്കാട് നിർമിച്ച കെട്ടിടത്തിന്റെ മൂന്നാംനിലയിൽ സുരക്ഷാമാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് കോളേജിന്റെ പ്രവർത്തനം.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനുപുറമെ, ഖമറുദ്ദീനും ജനപ്രതിനിധികളായ മുസ്ലിം ലീഗ് നേതാക്കളും നടത്തിയ മറ്റൊരു തട്ടിപ്പാണ് കോളേജിലൂടെ പുറത്തുവരുന്നത്. 2013ലാണ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ യുഡിഎഫ് സർക്കാരാണ് കോളേജിന് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പ്രവർത്തനാനുമതി നൽകിയത്. ഭരണ സ്വാധീനം ഉപയോഗിച്ചാണ് ഇത് നേടിയെടുത്തു എന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത് കോളേജ് ആരംഭിച്ച് മൂന്ന് വർഷത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് മാറണമെന്ന ചട്ടം ഇതുവരെ പാലിച്ചിട്ടില്ല. ഈ കോളേജിൽ വേണ്ടിയാണ് തൃക്കരിപ്പൂരിലെ പള്ളി ഉൾപ്പെടെയുള്ള വക ഭൂമിയും കെട്ടിടങ്ങളും ചുളുവിലക്ക് സ്വന്തമാക്കാൻ ശ്രമിച്ചത്.
സർവകലാശാലയെ കബളിപ്പിച്ചാണ് കോളേജിന്റെ നടത്തിപ്പ്. കഴിഞ്ഞ വർഷം ആയിറ്റിയിലെ സ്വകാര്യ സ്കൂളിന്റെ രേഖ കാണിച്ച് കോളേജ് കെട്ടിടം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സർവകലാശാല അഫിലിയേഷൻ നേടിയത്. ഈ വർഷം വഖഫ് ഭൂമിയുടെ രേഖവച്ച് അംഗീകാരം നേടാനുള്ള ശ്രമം നടക്കുമ്പോഴാണ് ഭൂമി വിവാദത്തിൽപ്പെട്ടത്. ഇതോടെ സർവകലാശാല അഫിലിയേഷൻ തടഞ്ഞു. നിലവിലെ കെട്ടിടത്തിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ആറ് മാസംകൊണ്ട് പുതിയ കെട്ടിടത്തിലേക്ക് മാറണമെന്ന നിബന്ധനയോടെ കുട്ടികളുടെ പ്രവേശനം തുടരാൻ കോടതി അനുവദിച്ചു. എന്നാൽ ഇതുവരെ കെട്ടിടം മാറാനുള്ള നടപടി തുടങ്ങിയിട്ടില്ല. നാനൂറോളം കുട്ടികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്.
85 പേരിൽനിന്ന് അഞ്ച് കോടി രൂപ നിക്ഷേപമായി വാങ്ങിയാണ് കോളേജ് ആരംഭിച്ചത്. പ്രവേശനത്തിന് വൻ തുക ഡൊണേഷനും വാങ്ങുന്നു. എം സി ഖമറുദ്ദീനാൻ കോളേജ് ചെയർമാൻ. ട്രഷറർ കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി ജബ്ബാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് വി കെ ബാവ എന്നിവരാണ് മറ്റു ഭാരവാഹികൾ.
150 കോടി രൂപയുടെ ജ്വല്ലറിത്തട്ടിപ്പിനുപിന്നാലെ നിരവധി തട്ടിപ്പുകൾ പുറത്തുവന്നിട്ടും മുസ്ലിംലീഗ് നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ വലിയ പ്രതിഷേധമാണുയരുന്നത്. നേരത്തെ കമറുദ്ദീനെതിരെ തൃക്കരിപ്പൂരിൽ യൂത്ത് ലീഗ് പ്രതിഷേധം ഉണ്ടായിരുന്നു