തിരുവനന്തപുരത്ത് അസി. കമ്മീഷണര്‍ ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് കോവിഡ്.
തിരുവനന്തപുരം: തലസ്ഥാനത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 20 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങള്‍ നേരിടുന്നതിന് മുന്നിലുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം
കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിലും പങ്കെടുത്തിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍.
അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കം പോലീസ് പരിധിയിലെ 20 മറ്റ് പോലീസുകാര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ സെക്യൂരിറ്റി ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിറ്റി പോലീസ് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. ഹര്‍ഷിത അട്ടല്ലൂരിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ 50 പേര്‍ക്ക് പരിശോധന നടത്തിയതില്‍ ഏഴ് പേര്‍ക്ക് കോവിഡ് പോസിറ്റീവായി. തുമ്പ സ്റ്റേഷനിലെ 11 പേര്‍ക്കും അവരുടെ ചില കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കെ.ടി ജലീലിനെതിരായ സമരത്തിന് എത്തിയ കെ.എസ്.യു പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സമരങ്ങളാണോ രോഗ വ്യാപനത്തിന് കാരണമായിരിക്കുന്നത് എന്ന ആശങ്കയുമുണ്ട്.