ഇതുകൊണ്ടൊന്നും ഞങ്ങൾ നിശബ്ദരാകില്ല; എം.പിമാരെ പുറത്താക്കിയത് ബി.ജെ.പിയുടെ ഭീരുത്വം, എളമരം കരീം
ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയ നടപടി ബി.ജെ.പിയുടെ ഭീരുത്വത്തെയാണ് തുറന്നുകാട്ടുന്നതെന്ന് സി.പി.ഐ.എം എം.പി എളമരം കരീം. ട്വിറ്ററിലായിരുന്നു പ്രതികരണം.
‘സസ്പെന്ഷന് ഞങ്ങളെ നിശബ്ദരാക്കില്ല. കര്‍ഷകരുടെ പോരാട്ടത്തിനൊപ്പമാണ് ഞങ്ങള്‍. രാജ്യസഭാ ഉപാധ്യക്ഷന്‍ പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ ഇന്നലെ തടഞ്ഞു. അവരുടെ ജനാധിപത്യവിരുദ്ധമായ നടപടികളില്‍ ശ്രദ്ധതിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വീക്ഷിക്കുന്നുണ്ട്’, എളമരം കരീം പറഞ്ഞു.
നേരത്തെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എളമരം കരീമടക്കമുള്ള പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ശബ്ദവോട്ടെടുപ്പോടൊയാണ് ഇവരെ സസ്പെന്‍ഡ് ചെയ്ത പ്രമേയം പാസാക്കിയത്.
പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇന്നലെ തന്നെ യോഗം ചേര്‍ന്നിരുന്നു. അതേസമയം ഈ സമ്മേളനകാലയളവ് കഴിയുന്നത് വരെയാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്.
രാജ്യസഭാ ഉപാധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയവും സ്പീക്കര്‍ തള്ളി.
കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്.
രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.