ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൂട്ടബലാത്സംഗം ചെയ്തു; യുവതി ഉൾപ്പടെ ആറുപേർ പിടിയിൽ
ന്യൂഡൽഹി: സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് വനിത ടൂറിസ്റ്റ് ഗൈഡിനെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ വെളളിയാഴ്ചയാണ് രാജ്യതലസ്ഥാനത്തെ ഹോട്ടലിൽ 27 വയസുകാരിയായ വനിത ടൂറിസ്റ്റ് ഗൈഡിന് പീഡനമേറ്റത്. തുടർന്ന് സ്ത്രീ ഉൾപ്പടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് സഹായം ചെയ്തതിനാണ് സ്ത്രീയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തെ തുടർന്ന് യുവതി വിളിച്ചറിയിച്ച് എത്തിയ പൊലീസാണ് വനിതാ ഗൈഡിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ബിസിനസുകാരാണ് റൂം ബുക്ക് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയും ടൂറിസ്റ്റ് ഗൈഡായും ജോലി നോക്കുന്ന യുവതി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഇവർക്ക് സാമ്പത്തിക സഹായം ചെയ്യാം എന്ന് പ്രതികളുടെ കൂട്ടത്തിലെ ഒരാൾ വിളിച്ചറിയിച്ചതനുസരിച്ച് ഹോട്ടലിൽ എത്തിയ ടൂറിസ്റ്റ് ഗൈഡിനെ അഞ്ചുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.