കാസർകോട് ജില്ലയിലെ ആദ്യ ലൈഫ് ഭവനസമുച്ചയം ബെണ്ടിച്ചാലിൽ.6.64കോടി ചിലവിട്ട് 44 വീടുകൾ
ചട്ടഞ്ചാൽ : ജില്ലയിലെ ഭൂരഹിത ഭവനരഹിതർക്കുള്ള പ്രഥമ ലൈഫ് ഭവനസമുച്ചയത്തിന്റെ നിർമാണം തുടങ്ങുന്നു.
24-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷനാവും. കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തിൽ തത്സമയം നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ശിലാഫലകം അനാച്ഛാദനം ചെയ്യും. ചട്ടഞ്ചാൽ-ദേളി റൂട്ടിൽ ബെണ്ടിച്ചാൽ കൊറക്കുന്ന് മൊട്ടയിൽ ചെമ്മനാട് പഞ്ചായത്തിന്റെ കൈവശമുള്ള ഒരേക്കറിലാണ് നിർമാണം.
ചെമ്മനാട് പഞ്ചായത്തിൽ ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ അർഹരായ നൂറോളം ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 44 കുടുംബങ്ങൾക്കുള്ള ഭവനസമുച്ചയമാണ് ഒന്നാംഘട്ടത്തിൽ ആറുമാസത്തിനകം പൂർത്തിയാക്കുക. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം (എൽ.ജി.എസ്.എഫ്.) പ്രീ-ഫാബ് സാങ്കേതികവിദ്യയിലാണ് നാലുനിലകളിൽ ഫ്ലാറ്റ് ഒരുക്കുന്നത്. 50 സെൻറ്് സ്ഥലത്ത് 26848 ചതുരശ്ര അടിയിൽ പണിയുന്ന സമുച്ചയത്തിൽ 511 ചതുരശ്ര അടി വീതമുള്ള 44 വ്യക്തിഗത ഭവന യൂണിറ്റുകൾ ഉണ്ടാവും.
രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ബാൽക്കണി, ശുചിമുറി എന്നിവ ഉൾപ്പെടുന്നതാണ് ഒരോ യൂണിറ്റും.
അങ്കണവാടി, വായനശാല, വയോജന പരിപാലനകേന്ദ്രം, കോമൺ റൂം, സിക്ക് റൂം, മാലിന്യസംസ്കരണ കേന്ദ്രം, സൗരോർജ സംവിധാനം എന്നിവയും ഒരുക്കും. ഇവയിൽ താഴത്തെ നിലയിലെ രണ്ട് ഫ്ലാറ്റുകൾ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തവയാണ്.
6.64 കോടി രൂപയാണ് പദ്ധതി ചെലവ്. കിഫ്ബി മുഖാന്തരം ജല അതോറിറ്റി നടപ്പാക്കാൻ വിഭാവനം ചെയ്ത ചെമ്മനാട് കുടിവെള്ളപദ്ധതിയിൽനിന്ന് ഭവനസമുച്ചയത്തിലേക്ക് വെള്ളം എത്തിക്കാനാണ് ലക്ഷ്യം. ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി രൂപകൽപ്പന, മേൽനോട്ടം എന്നിവയുടെ കൺസൾട്ടൻസി തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കൺസൾട്ടൻസി സർവീസാണ്.