സ്വര്‍ണക്കടത്തില്‍ മുന്നണികള്‍ ‘വിശുദ്ധ’യുദ്ധത്തിലേക്ക്; ഖുര്‍ആനും സക്കാത്തും സിപിഎം ചര്‍ച്ചയാക്കുന്നു, ന്യൂനപക്ഷം കൈവിടുമെന്ന പേടിയില്‍ യുഡിഎഫ്
തിരുവനന്തപുരം : സ്വര്‍ണ്ണകള്ളക്കടത്ത് ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ മുന്നണികളെ “വിശുദ്ധ” യുദ്ധത്തിലേക്ക് എത്തിക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതോടെയാണ് തിരിച്ചടിച്ച് ഖുര്‍ആന്‍ ആയുധമാക്കി സി.പി.എമ്മും ഇടതുമുന്നണിയും രംഗത്ത് എത്തിയത്. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം സജീവമായി ചര്‍ച്ചയായതുപോലെ തദ്ദേശ-നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ഖുര്‍ആന്‍ വിഷയമായിരിക്കും ചര്‍ച്ചയെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസ് ഉയര്ന്നവന്നതോടെ പ്രതിരോധത്തിലായ സര്‍ക്കാരും ഇടതുമുന്നണിയും ബോധപൂര്‍വ്വം തന്നെയാണ് ഖുര്‍ആന്‍ ആയുധമാക്കിയത്. ജലീലിനെതിരായ പോരാട്ടം വിശുദ്ധ ഖുര്‍ആനും സക്കാത്തും വിതരണം ചെയ്തതിനാണെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ശബരിമല വിഷയത്തെക്കാള്‍ കൂടുതല്‍ വൈകാരികമായ പ്രശ്നമാണ് ഇതെന്ന് ഇടതുമുന്നണി കരുതുന്നു. ഈ വിഷയം ഉയര്‍ന്നുവന്ന സമയത്ത് തന്നെ വിവിധ മുസ്ലീംസംഘടനകള്‍ ഖുര്‍ആന്‍ വിതരണം വിഷയമാക്കരുതെന്ന നിലപാടുമായി രംഗത്തുവന്നിരുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരും എസ്.കെ.എസ്.എസ്.എഫ്. വിഭാഗവും ഖുര്‍ആന്‍ വിതരണത്തിനെ ആരോപണ വലയത്തിലാക്കിയെന്ന പരാതി ഉയര്‍ത്തിയിരുന്നു. ഇത്തരത്തില്‍ പ്രചാരണം ശക്തമാകുമ്പോള്‍ സമസ്തയ്ക്കും നിലപാട് സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്.
മലബാറില്‍ ഇത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത് പരമ്പരാഗത വോട്ടുബാങ്കായ എസ്.എന്‍.ഡി.പി. പാര്‍ട്ടിയില്‍ നിന്നും അകന്നപ്പോഴും ബീഫ് വിഷയം ഉള്‍പ്പെടെയുള്ളവ ഉയര്‍ത്തികൊണ്ടുള്ള പ്രക്ഷോഭങ്ങളായിരുന്നു ഗുണം ചെയ്തതെന്നതും ഇടതുമുന്നണി കരുതുന്നു.മാത്രമല്ല, ഇതില്‍ വര്‍ഗ്ഗീയത ആരോപിക്കുന്ന യു.ഡി.എഫും ബി.ജെ.പിയും ശബരിമല വിഷയത്തെ ഏത് രീതിയിലാണ് ഉപയോഗിച്ചതെന്നും അവര്‍ ചോദിക്കുന്നു. ഖുര്‍ആനും സക്കാത്തിനുമൊപ്പം യു.ഡി.എഫ്-ബി.ജെ.പി. ബന്ധം കൂടി ശക്തമായ ഉയര്‍ത്തികൊണ്ട് ഈ പ്രതിഷേധങ്ങള്‍ക്കിടയിലും നേട്ടമുണ്ടാക്കുകയെന്നതാണ് ഇടതുമുന്നണി തന്ത്രം.
സി.പി.എമ്മിന്റെ അപ്രതീക്ഷിതമായ ഈ കളംമാറ്റം യു.ഡി.എഫില്‍ ചില ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഖുര്‍ആനെ ഇതിലേക്ക് വലിച്ചിഴച്ചത് യു.ഡി.എഫിനെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് കുടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാനുള്ള നടപടികളും അവര്‍ ആരംഭിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രചരണപരിപാടികള്‍ ആരംഭിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിന്നും അകന്ന ന്യൂനപക്ഷവിഭാഗങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പോടെ മടങ്ങിവന്ന ആശ്വാസത്തിലായിരുന്നു യു.ഡി.എഫ്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ അതിന് തിരിച്ചടിയാകുമോയെന്ന ആശങ്ക അവര്‍ക്കുണ്ട്. ഈ ഭയം കൊണ്ടുതന്നെയാണ് ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ ഇന്തപ്പഴവും മറ്റും പ്രതിപാദിച്ചപ്പോഴും ഖുര്‍ആന്‍ വിതരണത്തെക്കുറിച്ച് പറയാന്‍ പ്രതിപക്ഷനേതാവ് തയാറാകാതിരുന്നതും. അതുകൊണ്ടുതന്നെ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സജീവമായി ഉയര്‍ത്തി സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ തന്നെയാണ് യു.ഡി.എഫിന്റെ നീക്കം.