മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന് ബലാത്സംഗം ചെയ്തതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന് ഒളിവില്‍ പോയി. മലപ്പുറം ജില്ലയിലെ കല്പകഞ്ചേരിയില് ആണ് സംഭവം. അറബികോളേജ് അധ്യാപകനായ കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയായ സലാഹുദ്ദീന് തങ്ങളാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയത്.
അധ്യാപകന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സംഭവം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഒടുവില്‍ വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവം അറിഞ്ഞയുടനെ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. സംഭവം സത്യമാണെന്നറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ കല്പകഞ്ചേരി പൊലീസിന് പരാതി കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ പ്രതി ഒളിവില്‍ പോയി.
അതേസമയം പ്രതി സലാഹുദ്ദീന് തങ്ങള്‍ മറ്റു പെണ്‍കുട്ടികളെയും ഉപദ്രവിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കല്പകഞ്ചേരി പൊലീസ്.