മലയാറ്റൂരിൽ പാറമടയിൽ വൻസ്ഫോടനം; രണ്ട് അതിഥിതൊഴിലാളികൾ മരിച്ചു
കൊച്ചി : എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പാറമടയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. പാറമടയില്‍ ജോലി ചെയ്തിരുന്ന രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്. പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്.
മലയാറ്റൂരിലെ ഇല്ലിത്തോട് എന്ന സഥലത്തുള്ള വിജയ എന്ന പാറമടയിലാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. പാറമടയോട് ചേര്‍ന്നുതന്നെ തൊഴിലാളികള്‍ക്ക് താമസിക്കാനും വിശ്രമിക്കുന്നതിനുമായി നിര്‍മിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്.
അപകടത്തില്‍ മരിച്ച രണ്ടുപേരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ഇതിലൊരാള്‍ സേലം സ്വദേശി പെരിയണ്ണന് എന്നയാളാണെന്നാണ് ആദ്യ വിവരം. സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം എന്തെന്ന് വ്യക്തമല്ല.