കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി വീണ്ടും കോവിഡ് ആശുപത്രിയാക്കുന്നതിനെതിരെ എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. കോവിഡ് – 19 സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനു ഒരിക്കല്‍ ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിയും പീഡിയാട്രിക്കും മാറ്റിയതായിരുന്നു. ആ സമയത്ത് സാധാരണക്കാരായ ജനങ്ങള്‍ അനുഭവിച്ച ദുരിതം താങ്ങാവുന്നതിലേറെയായിരുന്നു. അതിര്‍ത്തി അടഞ്ഞുകിടന്ന സമയമായിരുന്നതിനാല്‍ മംഗളൂരുവിലെ ആശുപത്രികളില്‍ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
ആ സ്ഥിതിയില്‍ ഇന്നും വലിയ മാറ്റം വന്നിട്ടില്ല. മഞ്ചേശ്വരം കാസര്‍കോട് താലൂക്കുകളിലെ പാവപ്പെട്ട ജനങ്ങളുടെ ഏക ആശ്രയമാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. മാസം 300 ലധികം പ്രസവം ഇവിടെ നടക്കുന്നു. ദിവസം 500 ലധികം ഒ പിയുണ്ട്. ഏറ്റവും കൂടുതല്‍ അപകടങ്ങളും അപകടമരണങ്ങളും നടക്കുന്ന മേഖലയിലാണ് കാസര്‍കോട് ജനറല്‍ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇതിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയാല്‍ ജനങ്ങള്‍ സഹിക്കേണ്ടിവരുന്ന അസഹനീയമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തേ മതിയാകൂവെന്ന് എം എല്‍ എ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നല്കിയ കത്തില്‍ വ്യക്തമാക്കി