ആലുവ എടത്തലയില്‍ ചുഴലിക്കാറ്റ്; വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു
കൊച്ചി : ആലുവക്കടുത്ത് എടത്തലയില്‍ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റില്‍പ്പെട്ട് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ കാറ്റില്‍ തലകീഴായി മറിഞ്ഞു. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണു. കേബിള്‍ കണക്ഷനുകളും വൈദ്യുതി ബന്ധവും പലയിടങ്ങളിലും നിലച്ചു.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നീരിഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരില്‍, മലയോര മേഖലകളില്‍ രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍ , മണ്ണിടിച്ചില്‍ സാധ്യതയുള്ള ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാലക്കാട് രാത്രി ഇടവിട്ട് ശക്തമായ മഴ കിട്ടി.