300 തൊഴിലാളികളെ വരെ കമ്പനികള്‍ക്ക് അനുമതി കൂടാതെ പിരിച്ചുവിടാം: പുതിയ നിയമവുമായി കേന്ദ്രം
ന്യൂദല്‍ഹി: 300 തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ക്ക് ഉടന്‍ തന്നെ സര്‍ക്കാര്‍ അനുമതി കൂടാതെ തൊഴിലാളികളെ ജോലിക്കെടുക്കാനും പിരിച്ചുവിടാനുമാകും. ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിലാണ് ഇതു സംബന്ധിച്ച പുതിയ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്.
കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗംഗവാര്‍ ആണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസും മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇന്‍ഡസ്ട്രിയില്‍ റിലേഷന്‍ കോഡ് ബില്‍ 2020ലെ ഈ നിര്‍ദേശം തൊഴിലാളി യൂണികളും സര്‍ക്കാരും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ശേഷവും ബില്ലുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്നും വ്യക്തമാകുന്നത്.
നിലവില്‍ നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ സര്‍ക്കാരിന്റെ അനുമതി കൂടാതെ തൊഴിലാളികളെ പിരിച്ചുവിടാനാകൂ. പുതിയ ബില്‍ നടപ്പിലായാല്‍ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ വരെ ഹനിക്കപ്പെടുമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
2019ല്‍ അവതരിപ്പിച്ച ബില്ലില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചിരുന്നെങ്കിലും വന്‍ പ്രതിഷേധമുയര്ന്നിരുന്നതിനെ തുടര്‍ന്ന് ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ പിരിച്ചുവിടല്‍ നിര്‍ദേശം ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്