കുട്ടികളെ കാണണമെന്ന ആവശ്യവുമായി വാക്കേറ്റം, തിരുവനന്തപുരത്ത് മരുമകനെ ഭാര്യാപിതാവ് കുത്തിക്കൊന്നു
തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെയാണ് ഭാര്യാപിതാവ് നിക്കോളാസ് കൊലപ്പെടുത്തിയത്.നിക്കോലസിനെ പോലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വെച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിക്കോളാസും ലിജിനും തമ്മില്‍ ഇതിന് മുമ്പും പലതവണ വഴക്കുണ്ടായിട്ടുള്ളതായും വഴക്കിനെത്തുടര്‍ന്ന് ലിജിന്റെ ഭാര്യയും മക്കളും നിക്കോളാസിന്റെ വീട്ടിലാണ് താമസമെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ലിജിനും സുഹൃത്തുക്കളും മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് നിക്കോളസിന്റെ വീട്ടിലെത്തിയത്. മുറ്റത്തേക്ക് ഇറങ്ങിവന്ന നിക്കോളാസുമായി ലിജിന്‍ തര്‍ക്കത്തിലാവുകയായിരുന്നു.
ഇതിനിടയില്‍ കയ്യിലിരുന്ന കത്തികൊണ്ട് നിക്കോളാസ് ലിജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മൂന്ന് കുത്തുകളാണ് ലിജിനേറ്റിട്ടുള്ളത്.