സ്വർണ്ണതട്ടിപ്പിൽ കമറുദ്ധീനെയും പൂക്കോയ തങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും, കടുത്ത വകുപ്പുകൾ ചേർത്തേക്കും
കാസർകോട് : എം എൽ എ അകപ്പെട്ട സ്വർണ്ണ നിക്ഷേപ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ എം.സി ഖമറുദ്ദീൻ എം.എൽ.എ, മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെ ക്രിമിനൽ നിയമത്തിലെ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് ആലോചനയിലാണ്. നിലവിൽ വിശ്വാസ വഞ്ചന(ഐ പി സി 420) വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്. എന്നാൽ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വെളിവായതോടെ വ്യാജരേഖ ചമയ്ക്കൽ, അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിക്കൽ, നിയമവിരുദ്ധമായി കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തിക്കൽ തുടങ്ങിയ കുറ്റങ്ങൾ കൂടി ചേർക്കും എന്നാണ് സൂചന.പണം വാങ്ങിfയതും എഗ്രിമെന്റ് ഒപ്പിട്ടു നൽകിയതും കമ്പനി നിയമത്തിന് വിരുദ്ധമായാണെന്ന് ജനറൽ മാനേജർ സൈനുൽ ആബിദീൻ വെളിപ്പെടുത്തിയിട്ടുണ്ട്. പണം വാങ്ങി ഷെയർ സർട്ടിഫിക്കറ്റും എഗ്രിമെന്റും നൽകുന്നത് നിയമവിരുദ്ധമാണെന്ന് ജനറൽ മാനേജർ എംഎൽഎ യോടും പൂക്കോയ തങ്ങളോടും വ്യക്തമാക്കിയിരുന്നു. അതിലൊന്നും യാതൊരു പ്രശ്നവും ഇല്ല എന്നാണ് ആ സമയത്ത് എംഎൽഎ ഉൾപ്പെടെയുള്ളവർ മറുപടി പറഞ്ഞത്. കാസർകോട്, ഹോസ്ദുർഗ് കോടതികളിൽ സമർപ്പിച്ച 13 കേസുകളുടെ എഫ്ഐആർ പ്രകാരമാണ് ക്രൈംബ്രാഞ്ച് കണ്ണൂർ എസ് പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. മൊത്തം 56 പരാതികളിലാണ് പൊലീസ് കേസ് എടുത്തത്. ചന്തേര, കാസർകോട്, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ മധുസൂദനൻ നായരും സംഘവും പരാതിക്കാരായ നിക്ഷേപകരിൽനിന്ന് മൊഴികൾ ശേഖരിച്ചു. ഖമറുദ്ദീനും പൂക്കോയ തങ്ങളും നേരിട്ടു തന്നെയാണ് പണം കൈപ്പറ്റിയതെന്നും നിരവധി തവണ അവധികൾ പറഞ്ഞു ഒഴിഞ്ഞു മാറിയതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് നിക്ഷേപകർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.
അതിനിടെ കമറുദ്ധീനെയും പൂക്കോയ തങ്ങളെയും നോട്ടീസയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തെടിയതായി അറിയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസും കേസ് പുരോഗതി അപ്പപ്പോൾ വിലയിരുത്തുന്നുണ്ട്.