ഒരുവട്ടം കൂടിയാ വിദ്യാലയ തിരുമുറ്റത്ത് മന്ത്രിചന്ദ്രശേഖരൻ എത്തി.. ഉദ്ഘാടകനായി
പെരുമ്പള :വര്ണങ്ങളാല് ചാലിച്ച ബാല്യകാല ഓര്‍മകളുമായി റവന്യു-വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് വീണ്ടും ആ വിദ്യാലയ തിരുമുറ്റത്തെത്തി. പക്ഷെ ഇത്തവണ എത്തിയത് ഓര്‍മകളിലേക്ക് തിരിഞ്ഞു നടക്കാന്‍ മാത്രമല്ല, താന്‍ ഒരുകാലത്ത് ഭാവനകള്‍ നെയ്തെടുത്ത പെരുമ്പള ഗവ. എല്‍പി സ്കൂളിനായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനും കൂടിയാണ്. അറിവന്റെ ബാലപാഠവും ആദ്യാക്ഷരവും സ്വായത്തമാക്കിയ വിദ്യാലയത്തില്‍ വരുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് മാസ്ക് നിര്‍ബന്ധമായതിനാല്‍ ചടങ്ങിനെത്തിയ സഹപാഠികളടക്കമുള്ളവര്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. സമൂഹത്തെ ചലനാത്മകമാക്കുന്നതില്‍ വിദ്യാലയങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. നാടിന്റെ ഉത്സവമാവേണ്ടിയിരുന്ന വിദ്യാലയ കെട്ടിടോദ്ഘാടനം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായി സംഘടിപ്പേക്കേണ്ടി വരുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയത് പോലെ ഈ മഹാമാരിയെയും മനുഷ്യകുലം അതിജീവിക്കുമെന്നും മന്ത്രി പ്രത്യാശിച്ചു. സാമൂഹിക ജീവിതക്രമം പഴയത് പോലെ പുനരാരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജത്തോടെ പഠനത്തില്‍ മുഴുകേണ്ടതുണ്ട്. എല്‍പി തലം മുതല്‍ ഉന്നത വിദ്യാഭ്യാസത്തിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും മെച്ചപ്പെട്ട ഭൗതിക സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ വലിയ പരിശ്രമമാണ് നടത്തുന്നത്. അത് വിജയകരമായാണ് മുന്നോട്ട് പോവുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്ത് പുത്തനുണര്‍വാണുണ്ടായത്. നാല് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാഭ്യാസ മണ്ഡലത്തിലേക്ക്് അധികമായി കടന്നു വന്നത്. മിടുക്കരായ അധ്യാപകരെയും ആധുനിക സാങ്കേതിക വിദ്യയും ഉറപ്പാക്കുന്നതിനാലാണ് രക്ഷിതാക്കള്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കയക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ 45,000 ക്ലാസുകളാണ് സ്മാര്‍ട്ട് ക്ലാസായത്, ഇത് ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ കെ കുഞ്ഞിരാമന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മുപ്പത് ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കെട്ടിടം നിര്‍മിക്കാന്‍ 23.90 ലക്ഷം രൂപ ചെലവായി. നാലുക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിന് 2018 സെപ്തംബറിലാണ് തറക്കല്ലിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. 1956ല്‍ സ്ഥാപിതമായ സ്കൂളിന് പഴയ കെട്ടിടവും ഒരു ഹാളും മാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതിലായിരുന്നു നാല് ക്ലാസുകളും കമ്പ്യൂട്ടര്‍ ലാബും അധ്യാപക മുറിയും എല്‍കെജി, യുകെജി ക്ലാസുകളും പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായതോടെ കൂടുതല്‍ സൗകര്യങ്ങളോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സാധിക്കും.
എല്‍എസ്ജിഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എം വി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സി എം ഷാസിയ, പഞ്ചായത്ത് അംഗങ്ങളായ മായ കരുണാകരന്, എന്‍ വി ബാലന്, കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റ്യന്‍ ബെര്‍ണാഡ് മെന്ട്രോ, പിടിഎ പ്രസിഡന്റ് ടി വിനോദ് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് അധ്യാപിക യു ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു.