ഭീകരർ കൊച്ചിയിൽ തങ്ങിയത് നിർമ്മാണ തൊഴിലാളികളായി; മുർഷിദ് ഹസ്സൻ എത്തിയത് 2 മാസം മുമ്പ്
കൊച്ചി:ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ എറണാകുളത്തു നിന്നു അറസ്റ്റ് ചെയ്ത 3 അൽ ഖ്വയ്ദ ഭീകരർ കേരളത്തിൽ താമസിച്ചിരുന്നത് നിർമ്മാണ തൊഴിലാളികളായി. പെരുമ്പാവൂരിലും പാതാളത്തുമായി നിരവധി വീടുകളിൽ ഇവർ മാറിമാറി താമസിച്ചിട്ടുണ്ട്. കുറച്ചുനാളുകളായി ഇവർ എൻഐഎയുടെ നിരീക്ഷണത്തിൽ ആയിരുന്നു.
ബംഗാൾ സ്വദേശികളായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് പിടിയിലായത്. യാക്കൂബ് ബിശ്വാസ് അടിമാലിയിലെ ചപ്പാത്തിക്കടയിലും ജോലി ചെയ്തതായി പറയുന്നു. മുർഷിദ് ഹസ്സനെ പാതാളത്തുനിന്നാണ് പിടികൂടിയത്. ഇയാൾ രണ്ട്മാസം മുന്നേയാണ് പാതാളത്തെത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത വിവരം എൻഐഎയും ആലുവ റൂറൽ എസ് പിയും സ്ഥിരീകരിച്ചു.
രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവുരിലും പാതാളത്തും റെയ്ഡ് നടത്തിയത്. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ഇവർ ആക്രമണത്തിന് പദ്ധതിയിട്ടതായി പറയുന്നു. ഇവരിൽനിന്ന് ആയുധങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.