തെളിവില്ല, കേരള സർവകലാശാല അസിസ്റ്റന്റ് നിയമനക്കേസ് ക്രൈംബ്രാഞ്ച് എഴുതിത്തളളി
തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമനക്കേസ് ക്രൈംബ്രാഞ്ച് എഴുതിത്തളളി. മുൻ വൈസ് ചാൻസലർ, മുൻ രജിസ്ട്രാർ, മുൻ സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ. അസിസ്റ്റന്റ് നിയമനത്തിൽ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസിലെ ആദ്യ കുറ്റപത്രം. കേരളത്തിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് എഴുതിത്തള്ളിയത്.കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും അതിനാൽ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. സി.പി.എം ബന്ധമുള്ള ആളുകൾക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നൽകിയെന്ന കേസ് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കമാൽ പാഷ നിയമനം നേടിയവർക്ക് എതിരെയും അന്വേഷണം വേണമെന്ന് കാട്ടി ഉത്തരവിട്ടിരുന്നു. ഈ കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ആഴത്തിലുള്ള അന്വേഷണം കേസിൽ നടത്തണമെന്നായിരുന്നു ജസ്റ്റിസ് കമാൽ പാഷയുടെ ഉത്തരവ്.ഇതനുസരിച്ച് തുടരന്വേഷണം നടത്തിയപ്പോഴാണ് കേസ് നിലനിൽക്കില്ലെന്നും വേണ്ടത്ര തെളിവില്ലെന്നും ക്രൈംബ്രാഞ്ചിപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. മുൻ വൈസ് ചാൻസലർ ഡോ. എം.കെ രാമചന്ദ്രൻ നായർ, പ്രോ വി.സി ഡോ. വി ജയപ്രകാശ്, സിൻഡിക്കേറ്റംഗങ്ങളും തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ.എ റഷീദ്, ബി.എസ് രാജീവ്, എം.പി റസൽ, കെ.എ ആൻഡ്രൂ, രജിസ്ട്രാറായിരുന്ന കെ.എ ഹാഷിം എന്നിവരാണ് ഈ കേസിലെ പ്രതികൾ.പരീക്ഷ എഴുതാത്തവർ പോലും കേരളസർവകലാശാലയിൽ നിയമനം നേടിയെന്നതായിരുന്നു കേസ്. പരീക്ഷ എഴുതാത്തവർ പക്ഷേ, ഇന്റർവ്യൂവിൽ പങ്കെടുത്ത് നിയമനം നേടുകയായിരുന്നു. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നിരുന്നില്ല. ഉത്തരപേപ്പർ മൂല്യനിർണയത്തിന് അയച്ചത് തന്നെ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയതിൽ അന്വേഷണം വന്നപ്പോൾ, വിരമിച്ച ശേഷം ലാപ്ടോപ്പ് മോഷണം പോയെന്ന് വി.സി അന്വേഷണസംഘത്തെ ഒരു വർഷത്തിന് ശേഷം അറിയിച്ചത് മറ്റൊരു വിവാദമായിരുന്നു.