കാസര്‍കോട് മായിപ്പാടി ഡയറ്റിൽ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു
കാസർകോട് :വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കാസര്‍കോട് ഡയറ്റിന് കൂടുതല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുങ്ങുന്നു. മായിപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡയറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്ര ഇ ചന്ദ്രശേഖരന് നിര്‍വഹിച്ചു. ഡയറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഭാവി സമൂഹത്തിന്റെ രൂപീകരണത്തില്‍ വിദ്യാഭ്യാസം വളരെയേറെ പങ്ക് വഹിക്കുന്നതിനാല്‍ ഈ മേഖലയിലുള്ള വികസനത്തിന് പ്രഥമ പരിഗണന നല്‍കേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു. കാസര്‍കോട് ജില്ലയുടെ പൊതുവായ വികസനത്തിന് കക്ഷിരാഷ്ട്രീയ ഭേദമന്യെയുള്ള ഇടപെടലുകളാണ് ആവശ്യമുള്ളത്. കാസര്‍കോട് വികസന പാക്കേജ് നടപ്പാക്കുന്നതില്‍ ജനപ്രതിനിധികള്‍ യോജിച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. കേവലമായ വികസനത്തിനുപരി വിദ്യാഭ്യാസമേഖലയില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നും ഡയറ്റിനായി നിര്‍മിക്കുന്ന കെട്ടിടം കാസര്‍കോടിന്റെ വിദ്യാഭ്യാസ വികസനത്തിന് പുതിയൊരു അധ്യായം തുന്നിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായി. പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വി പി മുഹമ്മദ് മുനീര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ടില്‍ ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണമായി എടുത്തു പറഞ്ഞത് വിദ്യാഭ്യാസപരമായ പിന്നോക്കവസ്ഥയാണെന്നും കാസര്‍കോട് വികസന പാക്കേജില്‍ ഇത് പരിഹരിക്കാനുള്ള പദ്ധതികളാണ് ഉള്‍പ്പെടുത്തുന്നതെന്നും കെഡിപി സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍ പറഞ്ഞു.
മൂന്ന് കോടി രൂപയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ് മായിപ്പാടി ഡയറ്റ് കോംപൗണ്ടില്‍ ഉയരാന്‍ പോവുന്നത്. ഇത് കൂടാതെ വൈദ്യുതീകരണത്തിനായി 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന് മൊത്തം 2861.355 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. രണ്ട് നിലകളായി മൂന്ന് ബ്ലോക്കുകളോടുകൂടിയ കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള വിശാലമായ ലൈബ്രറി, ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, ലാബ്, ഭക്ഷണശാല, പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ ഹസന് കുഞ്ഞി എന്ന വ്യക്തിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. എം ബാലന്, സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ പി രവീന്ദ്രന്, കേരള എജ്യുക്കേഷന്‍ റെജുവനേഷന്‍ മിഷന് ജില്ലാ കോഡിനേറ്റര്‍ പി ദിലീപ് കുമാര്‍, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ എം പി രാജേഷ്, പഞ്ചായത്ത് അംഗം എസ് വി അവിന് തുടങ്ങിയവര്‍ സംബന്ധിച്ചു.