നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’; കണ്ണൂരില്‍ കെഎസ് യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്
കണ്ണൂര്‍: ”നിന്റെ നാളുകള്‍ എണ്ണപ്പെട്ടു”എന്ന് കണ്ണൂരില്‍ കെഎസ്യു നേതാവിന് ഭീഷണി. ഭീഷണിക്കൊപ്പം വീട്ടുമുറ്റത്ത് റീത്തും സമര്‍പ്പിച്ചു. കെ.എസ്.യു അഴിക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി റൈഷാദിന്റെ വീട്ടിലാണ് റീത്ത് എത്തിയത്.പള്ളിക്കുന്നിലെ ശ്രീപുരം നേഴ്സറി സ്കൂളിന് സമീപത്തുള്ള കൊക്കായന്‍പാറയിലെ വീട്ടുമുറ്റത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് റീത്ത് കണ്ടത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
സിപിഎം നാടിനെ പ്രാകൃത സംസ്കാരത്തിലേക്ക് നയിക്കുകയാണെന്നും ശാന്തിയും സമാധാനവും തകര്‍ക്കാന്‍ പൊതുപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടുകയാണെന്നും കണ്ണൂര്‍ ഡി.സി സി പ്രസിഡന്റ് സതീശന് പാച്ചേനി ആരോപിച്ചു.
നേതാക്കളായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്ട്ടിന് ജോര്‍ജജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ടി ജയകൃഷ്ണന്, കെ.എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ്, നേതാക്കളായഉമേഷ് കണിയാങ്കണ്ടി, പ്രനില്‍ മതുക്കോത്ത്, നികേത് നാറാത്ത്, ജിജീഷ്.സി.വി സുമിത്, സുജേഷ് എന്നിവരും റൈഷാദിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചു.അതേസമയം സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിപിഎം നിലപാട്.കണ്ണൂര്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വേദിയാവുന്നു എന്ന സൂചനയാണ് അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ നല്‍കുന്നത്.