ജലീലിന്റെ രാജി: യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളിൽ സംഘർഷം; കോഴിക്കോട്ട് പൊലീസിന് നേരെ കല്ലേറ്
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങൾ ഒമ്പതാം ദിവസവും തുടരുകയാണ്. ഇന്ന് കോഴിക്കോട്, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സംഘർഷമുണ്ടായി.
കോഴിക്കോട്ട് കളക്ട്രേറ്റിനു മുമ്പിൽ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്തതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് രംഗം വഷളായത്. പൊലീസ് ജലപീരങ്കി പ്രയോഗിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം അത് പ്രാവർത്തികമായില്ല. ഇതിനോടകം പലയിടത്തും പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തിരുന്നു. പൊലീസിനു നേരെ കല്ലേറും ഉണ്ടായി. തുടർന്നാണ് പൊലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചത്. എന്നിട്ടും പ്രവർത്തകർ പിന്മാറാൻ തയ്യാറായിട്ടില്ല. പിന്നീട് പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷങ്ങൾക്കൊടുവിൽ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
കളക്ട്രേറ്റിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് പത്തനംതിട്ടയിൽ നേരിയ തോതിൽ സംഘർഷമുണ്ടായത്. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കള്ക്ട്രേറ്റിന്റെ മുൻവശത്തെ ഗേറ്റ് പൊലീസ് ബാരിക്കേഡുകൾ കൊണ്ട് അടച്ചിരുന്നു. അതുവഴി അകത്തു കടക്കാൻ ശ്രമിക്കാതെ പിൻവശത്തെ ഗേറ്റിൽ കൂടി പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് പരിക്കേറ്റു.