കാസർകോട് -കണ്ണൂർ ടൂറിസം വികസന ഇടനാഴി സര്‍ക്കാരിന്റെ ലക്ഷ്യം -മന്ത്രി കടകംപള്ളി
കാഞ്ഞങ്ങാട് : കാസര്‍കോടും കണ്ണൂരും ചേരുന്ന ടൂറിസം വികസന ഇടനാഴിയാണ് സര്‍ക്കാര്‍ വിഭാവനംചെയ്യുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കാഞ്ഞങ്ങാട് ടൗണ്‍ സ്ക്വയറിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വടക്കന്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നാണ് കാഞ്ഞങ്ങാട്. ഈ നാടിന്റെ സാമൂഹിക സാംസ്കാരിക ആധ്യാത്മിക മണ്ഡലങ്ങളുടെ അഭിമാനമാണ് ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, ഗുരുവനം തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങള്‍. ഈ നാട് ഇന്ന് വിനോദസഞ്ചാര മേഖലയിലേക്ക് വലിയ കുതിപ്പ് നടത്തുകയാണ് -അദ്ദേഹം പറഞ്ഞു.
മന്ത്രി ഇ.ചന്ദ്രശേഖരന് അധ്യക്ഷതവഹിച്ചു. കോവിഡാനന്തരം കലാ സാംസ്കാരിക സന്ധ്യകളും പരിപാടികളും ചടങ്ങുകളും നഗരത്തിന്റെ ഹൃദയഭാഗത്ത് സംഘടിപ്പിക്കാവുന്ന വിധത്തിലാണ് ടൗണ്‍ സ്ക്വയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കളക്ടര്‍ ഡോ. ഡി.സജിത്ബാബു, നഗരസഭാ ചെയര്മാന് വി.വി.രമേശന്, ഉപാധ്യക്ഷ എല്‍.സുലൈഖ, വാര്‍ഡ് കൗണ്‍സിലര്‍ എച്ച്.റംഷീദ്, കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്.മേഘശ്രീ, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ്.ബേബി ഷീജ,ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന് എന്നിവര്‍ സംസാരിച്ചു.