പ്രോട്ടോക്കോള്‍ ലംഘിച്ച് ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റി; സംസ്ഥാന സര്‍ക്കാരിനെതിരെ രണ്ട് കസ്റ്റംസ് കേസുകള്‍
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. കോണ്‍സുലേറ്റില്‍ നിന്നും സര്‍ക്കാര്‍ 17,000 കിലോ ഈത്തപ്പഴം കൈപ്പറ്റിയത് നിയമം ലംഘിച്ചു കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് പ്രത്യേകം അന്വേഷണം നടത്തുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ഖുര്‍ആന്‍ കൈപ്പറ്റി വിതരണം ചെയ്തതിലും കസ്റ്റംസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് കസ്റ്റംസ് ഇന്ന് സംസ്ഥാന സര്‍ക്കാരിനോടും യു.എ.ഇ കോണ്‍സുലേറ്റിനോടും വിശദീകരണം തേടും.
2016 ഒക്ടോബര്‍ മുതല്‍ പലപ്പോഴായി 17,000 കിലോ ഈത്തപ്പഴം കോണ്‍സുലേറ്റിന്റെ പേരില്‍ വന്നെന്നാണ് ബില്‍ പരിശോധിച്ചതില്‍ വ്യക്തമായതെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. കൊണ്ട് വന്നത് ഈത്തപ്പഴം തന്നെയാണോ എന്ന കാര്യത്തിലും അത് പുറത്ത് വിതരണം ചെയ്തത് അനുമതിയോടെയാണോ എന്ന കാര്യത്തിലും കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തും.
ടാക്സ് അടക്കം നല്‍കാതെയാണ് നയതന്ത്ര പ്രതിനിധികളുടെ ബാഗേജിലൂടെ വന്ന വസ്തുക്കള്‍ സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയതെന്നും കസ്റ്റംസ് പറയുന്നു.
മറ്റു രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ വസ്തുക്കള്‍ കൈപ്പറ്റാന്‍ പാടില്ലെന്ന് സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ടായിരുന്നിട്ടും അത് സ്വീകരിച്ചു. ഇത് കസ്റ്റംസ് ആക്ടിലെ പ്രത്യേക നിയമങ്ങള്‍, കള്ളപ്പണ നിരോധന നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം എന്നിവയുടെ ലംഘനമാണെന്നും കസ്റ്റംസ് പറഞ്ഞു.
അതേസമയം കസ്റ്റംസ് മന്ത്രി കെ. ടി ജലീലിനെ ചോദ്യം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.