പോലീസ് ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കുത്തിയിരിപ്പ് പ്രതിഷേധം
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് എതിരായ നടപടികള്‍ക്കെതിരേ പോലീസ് ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ.എസ്.ശബരീനാഥന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസ് പ്രവര്‍ത്തകരേയും എം.എല്‍.എമാരെയും അറസ്റ്റ് ചെയ്തു നീക്കി.
എം.എല്‍.എമാരുടേ നേതൃത്വത്തില്‍ പത്തോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രതിഷേധമെങ്കിലും ആസ്ഥാനത്തിന് മുന്നില്‍ പോലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
പോലീസ് പ്രവര്‍ത്തകരെ അറസ്സ്റ്റ് ചെയ്ത് നീക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. എന്നാല്‍ എം.എല്‍.എമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത് തുടര്‍ന്നു. കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങളില്‍ പരിക്കേറ്റവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു എം.എല്‍.എമാരുടെ പ്രതിഷേധം.
സമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഡി.ജി.പി. വ്യക്തമായ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എം.എല്‍.എമാര്‍ പ്രതിഷേധം തുടര്‍ന്നത്. സിറ്റി പോലീസ് കമ്മീഷണല്‍ അടക്കമുള്ളവരെത്തി പിന്തിരിയാന് എം.എല്‍.എമാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരേയും അറസ്റ്റ് ചെയ്തു നീക്കി.
സമരം കേരളത്തിന്റെ മണ്ണില്‍ ആദ്യമായല്ല നടക്കുന്നതെന്നും എന്നാല്‍, ക്രൂരമായ മര്‍ദ്ദനമാണ് പ്രവര്‍ത്തകര്‍ക്ക് നേരെ അഴിച്ചുവിടുന്നതെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ. മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നീതി വേണം, ഡിജിപിയോട് സംസാരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആരും സംസാരിക്കാന്‍ വന്നില്ലെന്നും പോലീസ് വാഹനം ഇടിപ്പിക്കാനാണ് നോക്കിയതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.