ബിജെപി മുഖ്യശത്രുവല്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നതിന് മാറാട് കേസുമായി ബന്ധമുണ്ടോ:
മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് കോടിയേരി
തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ മുസ്ലീം ലീഗ് സ്വീകരിക്കുന്ന നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലീഗിന്റെ മുഖ്യ ശത്രു ബിജെപി അല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം ഉദ്ധരിച്ചായിരുന്നു കോടിയേരിയുടെ വിമര്‍ശനങ്ങള്‍. സിപിഎം ആണ് മുഖ്യ ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അടുത്ത തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് തന്നെ ബിജെപിയുമായി സഖ്യം ഉണ്ടാക്കുമെന്ന സൂചന നല്‍കുന്നതാണെന്നും കോടിയേരി വിമർശിച്ചു. മുസ്ലിം ലീഗിന് എങ്ങനെയാണ് ബിജെപി ശത്രുവല്ലാതായി മാറുന്നത് എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടായിരുന്നു കോടിയേരി മുസ്ലീം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും കടന്നാക്രമിച്ചത്.
പൗരത്വ നിയമത്തിലൂടെ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നിഷേധിക്കുന്ന ബിജെപി മുസ്ലീം ലീഗിന് ശത്രുവല്ല. വിവാഹ മോചനം നടത്തുന്നതിന് കേസെടുക്കുന്ന, ഗുജറാത്തില്‍ വംശഹത്യ നടത്തിയ, പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നൂറോളം പേരെ കൊലപ്പെട്ടുത്തിയ ബിജെപി, ആര്‍എസ്എസ് സംഘടനകള്‍ എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാവുന്നതെന്നും കോടിയേരി ചോദിച്ചു.
ബാബരി മസ്ജിദ് പൊളിച്ച ആര്‍എസ്എസ് ബിജെപി മുസ്ലീം ലീഗിന് ശത്രുവല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി. ഫാസിസത്തെ തോല്‍പ്പിക്കാന്‍ പാര്‍ലമെന്റിലേക്ക് പോയ കുഞ്ഞാലിക്കുട്ടി തിരിച്ച് വന്നപ്പോള്‍ ബിജെപി ശത്രുവല്ലെന്നെന്ന് പറഞ്ഞ സാഹചര്യം ബഹുജനങ്ങള്‍ പരിശോധിക്കണം. വിവാദമായി മാറാട് കേസ് സിബിഐ ഏറ്റെടുത്തിട്ടും മുന്നോട്ട് പോവുന്നില്ല. മാറാട് കേസിലെ സിബിഐ അന്വേഷണം നടക്കാത്തതും കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ പരസ്യമാക്കിയ നിലപാടും തമ്മില്‍ ബന്ധമുണ്ടോ എന്ന ലീഗ് വ്യക്തമാക്കണം. മാറാട് കേസിലെ അന്വേഷണം മുറുകുന്നതിനിടയിലാണോ ഇത്തരം ഒരു പ്രഖ്യാപനം എന്ന് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
യുഡിഎഫിനും ഇപ്പോള്‍ ബിജെപിയോട് വിരോധമില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയെ എതിര്‍ക്കാന്‍ തയ്യാറാല്ല. യുഡിഎഫ് ഭരണകാലത്തെ ടൈറ്റാനിയം കുംഭകോണത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇബ്രാഹീം കുഞ്ഞും പ്രതികളാണ്. ഈ കേസ് സിബിഐക്ക് വിട്ട് ഒരു കൊല്ലമായി എന്നാല്‍ നടപടികള്‍ മുന്നോട്ട് പോയിട്ടില്ല. ടൈറ്റാനിയം കേസ് ഒതുക്കുന്നതും കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്‍പ്പെടെ പരിശോധിക്കേണ്ടുണ്ട്. ബിജെപിയുമായുള്ള ബന്ധം ഉള്‍പ്പെടെ ഒരു ദിവസം ഉണ്ടാവുന്നതല്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.