ജില്ലാ ഹോമിയോ ആശുപത്രിയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് വാഹനം മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
കാഞ്ഞങ്ങാട് :ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ചേതന പെയ്ന് ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് അനുവദിച്ച വാഹനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രിയുടെ 2019-20 വര്‍ഷത്തെ നിയോജകമണ്ഡലം ആസ്തി വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ ഹോമിയോ ആശുപത്രിക്ക് വാഹനം അനുവദിച്ചത്. പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ സേവനം അവരോട് നല്ല വാക്ക് പറഞ്ഞ് അവസാനിപ്പിക്കാവുന്നതല്ലെന്നും വളരെ വലിയൊരു സേവനമാണ് അവര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. രോഗബാധിതരായ ആളുകളെ കുടുംബാംഗങ്ങള്‍ പോലും പരിചരിക്കാന്‍ തയ്യാറാകാതെ വരുന്ന സാഹചര്യങ്ങളില്‍ അവര്‍ക്ക് ആശ്രയമാകുന്നവരാണ് പെയ്ന് ആന്റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നേഴ്സ്മാരും അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണെന്ന് മന്ത്രി പറഞ്ഞു. ഫണ്ട് വകയിരുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പെയ്ന് ആന്റ് പാലിയേറ്റീവ് പോലെയുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാം വിധം നടത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കാറുണ്ട്. എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിരിക്കുന്ന വാഹനം മെഡിക്കല്‍ ക്യാമ്പുകള്‍ക്കും രോഗികളുടെ ആവശ്യത്തിലേക്കും മാത്രമായി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്മാന് വി.വി. രമേശന് ആധ്യക്ഷനായി. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. കെ. രാമസുബ്രഹ്മണ്യം സ്വാഗതം ആശംസിച്ച ചടങ്ങിന് ചേതന പെയിന്‍ ഏന്റ് പാലിയേറ്റീവ് കേന്ദ്രം കണ്‍വീനര്‍ ഡോ. അശ്വതി ആര്.എസ്. നന്ദി പ്രകാശിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എച്ച്. റംഷീദ് സംബന്ധിച്ചു.