പി ബി അബ്ദുൽ റസാഖ് സ്മാരക മഞ്ചേശ്വരം ഡയാലിസിസ് കേന്ദ്രം 22-ന് തുറക്കും
കാസർകോട് : മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മംഗൽപ്പാടിയിലെ താലൂക്ക് ആസ്പത്രിയിൽ പ്രവർത്തനസജ്ജമായ ഡയാലിസിസ് കേന്ദ്രം 22-ന് ഉദ്ഘാടനം ചെയ്യും. ബി.പി.എൽ., എസ്.സി., എസ്.ടി. തുടങ്ങിയ സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് ചികിത്സ സൗജന്യമാണ്.
രജിസ്റ്റർ ചെയ്തവരിൽനിന്ന് ആദ്യഘട്ടത്തിൽ 90 പേർക്ക് മൂന്ന് ഷിഫ്റ്റുകളിലായി സേവനം ലഭിക്കും. എല്ലാ രോഗികൾക്കും പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ 250 രൂപയാണ് ഡയാലിസിസിന് ഈടാക്കുക. ബ്ലോക്ക് പഞ്ചാത്ത് ഭരണസമിതിയുടെ കഴിഞ്ഞ രണ്ടുവർഷമായുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ ഡയാലിസിസ് സെന്ററെന്ന് പ്രസിഡന്റ് എ.കെ.എം. അഷ്റഫ് പറഞ്ഞു.
നടത്തിപ്പിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി മഞ്ചേശ്വരം ചാരിറ്റബിൾ സൊസൈറ്റി രൂപവത്കരിച്ചിട്ടുണ്ട്. മുൻ എം.എൽഎ.യുടെ സ്മരണയ്ക്കായി പി.ബി. അബ്ദുൽ റസാഖ് മെമ്മോറിയൽ ഡയാലിസിസ് സെന്റർ എന്ന പേരിലായിരിക്കും ഈ കേന്ദ്രം അറിയപ്പെടുക.
അന്തരിച്ച എം.എൽ.എ. പി.ബി. അബ്ദുൽ റസാഖിന്റെ ആസ്തിവികസനഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്.
ഉപ്പളയിലെ വ്യവസായിയും ഐഷ ഫൗണ്ടേഷൻ ചെയർമാനുമായ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് 80 ലക്ഷം രൂപയോളം വിലവരുന്ന 10 ഡയാലിസിസ് മെഷിനുകൾ സൗജന്യമായി നൽകി. വൈദ്യുതീകരണം, ട്രാൻസഫോർമർ സ്ഥാപിക്കൽ, ജനറേറ്റർ, പ്ലംബിങ്, എയർ കണ്ടീഷൻ തുടങ്ങിയവയടക്കമുള്ള പ്രവർത്തനങ്ങൾക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപയോളം ചെലവഴിച്ചു.
എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്നാണ് ആർ.ഒ. പ്ലാന്റ്, ഡയാലിസിസ് സെന്ററിലെ ഇരിപ്പിട സൗകര്യം എന്നിവ തയ്യാറാക്കിയത്. രോഗികൾക്കുള്ള കിടക്ക, കട്ടിൽ, മറ്റുപകരണങ്ങൾ എന്നിവ കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തിയാണ് ഒരുക്കിയത്.